SignIn
Kerala Kaumudi Online
Monday, 15 June 2026 5.53 AM IST

പൂവാറിന് വേണം വാട്ടർ ആംബുലൻസ്

1

പൂവാർ: ടൂറിസം രംഗത്ത് അനുദിനം വളരുന്ന പൂവാറിൽ വാട്ടർ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ബ്രേക്ക് വാട്ടറിൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം സുഗമമാക്കാനും പൂവാറിലെ അനധികൃത കേന്ദ്രങ്ങളിൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്ക് എത്തിപ്പെടാനും വാട്ടർ ആംബുലൻസ് സർവീസ് അനിവാര്യമാണ്.

ടൂറിസ്റ്റുകൾ അപകടത്തിൽപ്പെടുമ്പോൾ രക്ഷാപ്രവർത്തനം പലപ്പോഴും വൈകാറുണ്ട്. ഏതാനും മാസങ്ങൾക്കു മുമ്പ് ബ്രേക്ക് വാട്ടറിൽ ഒരു ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് അഗ്നിക്കിരയായി. എന്നാൽ അപകടസ്ഥലത്ത് ഫയർഫോഴ്‌സ് എത്തിപ്പെട്ടത് വൈകിയാണെന്നും ആക്ഷേപമുണ്ട്.

നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ സംഗമബിന്ദുവാണ് പൂവാറിലെ പൊഴിക്കര. ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്. പ്രധാന വിനോദോപാധി ബോട്ട് സവാരിയാണ്.

രക്ഷാപ്രവർത്തനത്തിനും സഹായകമാകും

ആഴമേറിയതും അപകട സാദ്ധ്യതയുള്ളതുമാണ് പൊഴിക്കരയിലെ ബ്രേക്ക് വാട്ടറിലൂടെയുള്ള ബോട്ട് സവാരി. പൊഴിമുറിയുന്ന സാഹചര്യങ്ങളിൽ അടിയൊഴുക്കുള്ളതിനാൽ അപകടങ്ങളുണ്ടാകും. സുരക്ഷയൊരുക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റിനോ ഗ്രാമപഞ്ചാത്തിനോ പൊലീസ് അധികൃതർക്കോ കഴിയാത്തതും പ്രധാന ആക്ഷേപമാണ്.

അപകടസ്ഥലത്തെത്തിപ്പെടാനോ നദിയിലോ ബ്രേക്ക് വാട്ടറിലോ അടിയന്തര ഇടപെടൽ നടത്താനോ കഴിയാത്തത് പൂവാറിൽ വാട്ടർ ആംബുലൻസ് ഇല്ലാത്തതിനാലാണെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്.

ടൂറിസ്റ്റുകളുടെ പ്രധാന ഇടത്താവളം

പൂവാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ മണിക്കൂറുകളോളം ബോട്ട് സവാരി നടത്താറുണ്ട്. കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളമാണ് പൂവാർ പൊഴിക്കര. സഹ്യപർവത സാനുക്കളിൽ നിന്നുത്ഭവിച്ച് 56കിലോമീറ്റർ ദൂരം സഞ്ചരിച്ച് നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നത് ഇവിവിടെയാണ്. പൂവാർ,കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്നതും നെയ്യാർ നദിയാണ്. നെയ്യാർ നദിയിലൂടെയും എ.വി.എം കനാലിലൂടെയും ചുറ്റുമുള്ള വിശാലമായ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി ടൂറിസ്റ്റുകൾക്ക് പ്രീയപ്പെട്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL