
ഉദിയൻകുളങ്ങര: കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ശർദ്ദി,വയറിളക്കം, പനി, തൊണ്ടവേദന എന്നീ രോഗങ്ങൾ വ്യാപകമാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്ക് പോയതിനുശേഷവും അസുഖങ്ങൾ ഭേദപ്പെടാതിരിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളിലും ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും എണ്ണം ഉയരുകയാണ്.
അതിർത്തി പ്രദേശങ്ങളായ പഞ്ചായത്തുകളിലെ മഴക്കാല ശുചീകരണങ്ങൾ സമയോചിതമായി ചെയ്തുതീർക്കാത്തതും ഓടകളിലെയും മാലിന്യങ്ങൾ കുന്നുകൂടിയ പ്രദേശങ്ങളിലെയും മഴവെള്ളം നീർച്ചാലുകൾ വഴി കിണറുകളിലും കുടിവെള്ള സ്രോതസുകളിലേക്കും ഒഴുകിയെത്തുകയുമാണ്.
മുൻകാലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർമ്മാരുടെ നേതൃത്വത്തിൽ മഴക്കാലത്തിനുമുമ്പ് കിണറുകളും മറ്റ് കുടിവെള്ളസ്രോതസുകളും വൃത്തിയാക്കി അതിൽ ബ്ലീച്ചിംഗ് പൗഡർ, ആലം തുടങ്ങിയവ ഇടുമായിരുന്നു. അതും ഇപ്പോൾ പേരിനുമാത്രമേയുള്ളു.
ശല്യമായി ഈച്ചയും കൊതുകും
മഴക്കാലത്ത് അഴുകി ജീർണ്ണിച്ച വൃക്ഷഫലങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും അമിതമായി കൊതുക്,ഈച്ച എന്നിവയുടെ ശല്യവും വ്യാപകമാണ്. പ്രദേശത്ത് എച്ച് 1 എൻ 1 രോഗം പടരാനും സാദ്ധ്യതകൾ ഏറെയാണ്. മഴക്കാല രോഗങ്ങൾ തടയാൻ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും
പേരിനു പോലും മുൻകൈ എടുക്കുന്നില്ലെന്ന് ആക്ഷേപവും ശക്തമാണ്.
മാലിന്യങ്ങൾ കുന്നുകൂടുന്നു, ദുർഗന്ധവും
പല പഞ്ചായത്തുകളുടെയും അതിർത്തികളിൽ മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. പല സർക്കാർ ആശുപത്രികളുടെയും ഓടകൾ മഴക്കാലമായതോടെ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. റോഡുകളിലും തുറസായ പ്രദേശങ്ങളിലും മഴവെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.
പരിശോധനകൾ പേരിനുമാത്രം
ഗ്രാമീണ പ്രദേശങ്ങളിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റുകളുടെ പരിശോധനകൾ ക്രമാതീതമായി കുറയുകയാണ്. ഈച്ചയും കൊതുകും കൂടുതലുള്ള ഭാഗങ്ങളിലാണ് പല ഭക്ഷ്യവസ്തുക്കളും വില്പനയ്ക്കായി വച്ചിട്ടുള്ളത്. അനധികൃതമായി ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളും നിരവധിയാണ്. ഗ്രാമീണർ രോഗങ്ങളുടെ പിടിയിലാകാതിരിക്കാൻ പശുഫാമുകൾ,കോഴിഫാമുകൾ, പബ്ലിക് മാർക്കറ്റുകൾ, പച്ചക്കറി വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കമെന്ന ആവശ്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |