തിരുവനന്തപുരം: ' കൈയിൽ കാശില്ലെങ്കിലും ഇനി ഓടിച്ചെന്ന് ബസിൽ കയറാമല്ലോ'- ആദ്യ പ്രിയദർശിനി സർവീസിൽ സീറ്റുപിടിച്ച ശേഷം കരിമഠം സ്വദേശി സെൽവിയുടെ വാക്കുകൾ. ചാലയിൽ നിന്ന് പച്ചക്കറി വാങ്ങി സ്റ്റാച്യുവിന്റെ പരിസരത്ത് പച്ചക്കറി വില്പന നടത്തുകയാണ് സെൽവി.
'ഒരിക്കൽ വീട്ടിൽ നിന്ന് ആയുർവേദ കോളേജിലേക്കു പോകാൻ കൈയ്യിൽ കാശില്ല. നടന്നാണ് പോയത്. ഇനി ആ പ്രശ്നമില്ലല്ലോ എന്നെപ്പോലെയുള്ള സാധാരണ സ്ത്രീകൾക്ക് ഇത് വലിയ നേട്ടമാണ്. ' സെൽവി പറഞ്ഞു.
തൊട്ടടുത്തിരുന്ന ഷൈജു വീട്ടുജോലിക്ക് പോകുന്ന സ്ത്രീയാണ്. മാസാവസാനം കൈയിലെ കാശെല്ലാം തീരുമ്പോൾ ജോലി ചെയ്യുന്ന വീടുകളിലേക്ക് നടന്നു പോകുമായിരുന്നു. എന്നെപ്പോലെയുള്ള സ്ത്രീകളുടെ ഹൃദയം നിറച്ചിരിക്കുകയാണ് ഈ സർക്കാർ. ഇത് നല്ല രീതിയിൽ തുടരണം- അവർ പറഞ്ഞു.
പൂന്തുറയിൽ നിന്ന് ചാലവരെ പോകാൻ ഓട്ടോയ്ക്ക് 100 രൂപ വേണം, ആ പണം ഇനി ലാഭമെന്ന് മത്സ്യത്തൊഴിലാളിയായ മെൽവി പറഞ്ഞു. മീൻ വിറ്ര ശേഷം ചരുവവുമായിട്ടായിരുന്നു മെൽവിയുടെ യാത്ര. ഉദ്ഘാടന ബസിലെ യാത്രക്കാർക്ക് എണ്ണ,തേയില തുടങ്ങിയ സമ്മാനങ്ങളും ലഭിച്ചു.
സെൽഫി വിത്ത് സാരഥി
പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ബസിന്റെ സാരഥി വി.പി.ഷീജ ഇന്നലെ താരമായി. ഷീജയ്ക്കൊപ്പം സെൽഫിയെടുക്കാൻ മത്സരമായിരുന്നു. വണ്ടി പുറപ്പെടും മുമ്പ് മന്ത്രി സി.പി.ജോൺ ഷീജയെ അഭിനന്ദിച്ചു. പി.എസ്.സി വഴി നിയമിതയായ കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ഡ്രൈവറാണ് ഷീജ. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞുപോയെന്നാണ് ഷീജ പ്രതികരിച്ചത്. പാപ്പനംകോട് ഡിപ്പോയിലെ വി.ജയകുമാരിയായിരുന്നു കണ്ടക്ടർ. ഇരുവരേയും കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് അനുകൂല തൊഴിലാളി യൂണിയൻ പ്രവർത്തകർ ഷാൾ അണിയിച്ചു.
ട്രാൻസ്ജെൻഡർ
സമൂഹവും ഹാപ്പി
പദ്ധതിയുടെ പ്രയോജനം ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൂടി നൽകിയതിന് വി.ഡി.സതീശൻ സർക്കാരിനോട് നന്ദിയുണ്ടെന്ന് ഉദ്ഘാടന ബസിലെ ആദ്യ ടിക്കറ്റ് നേടിയ ട്രാൻസ്ജെൻഡർ അമേയ പ്രസാദ് പറഞ്ഞു. ഒരുകാലത്ത് ട്രാൻസ്ജെൻഡർ സമൂഹത്തിന് ബസിൽ കയറുമ്പോൾ പരിഹാസം കേട്ടിരുന്നു. ഇപ്പോൾ തുല്യത ലഭിച്ചിരിക്കുന്നു- അമേയ പറഞ്ഞു. കേരള പ്രദേശ് ട്രാൻസ്‌ജെൻഡേഴ്സ് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് അമേയ.
പാട്ടുപാടി ആഹ്ലാദ വണ്ടി മുന്നോട്ട്
ഉദ്ഘാടന വണ്ടി മുന്നോട്ടടെുത്തപ്പോഴേക്കും പാട്ടും ആഘോഷവും തുടങ്ങിയിരുന്നു. യാത്ര സിനിമയിലെ സൂപ്പർഹിറ്റ് പാട്ടായിരുന്നു സ്ത്രീകൾ പാടിയത്.
''തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി...''
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |