കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം: സംസാരശേഷിയില്ലാത്ത 14കാരനായ അനാഥക്കുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിൽ നെയ്യാറ്റിൻകര ശ്രീ കാരുണ്യ മിഷനെതിരെ ജില്ലാ ശിശുക്ഷേമ സമിതി. ഇന്നലെ ഹാജരാക്കിയപ്പോൾ ഉത്തരേന്ത്യക്കാരനായ കുട്ടി ആംഗ്യഭാഷയിൽ കാണിച്ച പരാതിയും ശരീരത്തിലെ നീരും മർദ്ദനമേറ്റ പാടുകളും കണ്ടതോടെ ശിശുക്ഷേമ സമിതി അധികൃതർ കുട്ടിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെടുക്കും. എന്നാൽ രണ്ടുവട്ടം മിഷൻഹോമിൽ നിന്ന് ചാടിപ്പോകുകയും ഈ പ്രവണത തുടരുകയും ചെയ്തതിനാലാണ് കെട്ടിയിട്ടതെന്നും മർദ്ദിച്ചിട്ടില്ലെന്നും കാരുണ്യ മിഷൻ അധികൃതർ പറഞ്ഞു. ഒന്നര മാസം മുമ്പാണ് കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. റെയിൽവേ പൊലീസാണ് കുട്ടിയെ തമ്പാനൂരിലെ താത്കാലിക സംരക്ഷണ കേന്ദ്രമായ ഡോൺ ബോസ്കോ ഹോമിലേക്ക് മാറ്റിയത്. തുടർന്ന് ശിശുക്ഷേമ സമിതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീ കാരുണ്യ മിഷനിലേക്ക് മാറ്റിയത്.
ഈ മാസം എട്ടിന് വൈകിട്ട് നാലിന് കാരുണ്യ മിഷൻ ഹോമിലെത്തിയ കുട്ടി അന്ന് രാത്രി ഏഴിന് ചാടിപ്പോയി. തെരച്ചിലിനൊടുവിൽ രാത്രി 9ഓടെ ചായ്‌ക്കോട്ടുകോണത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ വീണ്ടും കുട്ടി ചാടിപ്പോയെങ്കിലും പൊലീസും നാട്ടുകാരും ചേർന്നാണ് കണ്ടെത്തിയതെന്ന് മിഷൻ അധികൃതർ പറഞ്ഞു. ഇക്കാര്യം ജില്ലാ ശിശുക്ഷേമ സമിതിയെ അറിയിച്ചപ്പോൾ ഇന്നലെ കുട്ടിയെ ഹാജരാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
വീണ്ടും ചാടിപ്പോകാതിരിക്കാൻ ഞായറാഴ്ച മാത്രമാണ് കുട്ടിയെ കെട്ടിയിട്ടതെന്നാണ് കാരുണ്യ മിഷൻ അധികൃതരുടെ വിശദീകരണം. കെട്ടിയിട്ട തോർത്ത് അഴിക്കാൻ ശ്രമിച്ചതാണ് കൈകളിൽ നീരുണ്ടാകാൻ കാരണമന്നും ഇവർ വ്യക്തമാക്കി. അതേസമയം ഒരുമാസത്തിലേറെ താമസിച്ചിരുന്നപ്പോൾ കുട്ടി ചാടിപ്പോകാൻ ശ്രമിച്ചിട്ടില്ലെന്ന് ഡോൺ ബോസ്കോ ഹോം അധികൃതർ പറഞ്ഞു.
കുട്ടിയുടെ പരാതി ലഭിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം പരാതിയുമായി മുന്നോട്ട് പോകും-
ഡോ.മോഹൻരാജ്,ജില്ലാ ചെയർപേഴ്സൺ,ശിശുക്ഷേമ സമിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |