
പാറശാല: തീരദേശ മേഖലയായ പൊഴിയൂർ, വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയിട്ടുണ്ടെങ്കിലും ടൂറിസ്റ്രുകൾക്കുള്ള സുരക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. കേരളത്തിന്റെ തെക്കേ അറ്റത്തെ തീരദേശമെന്നതിലുപരി നെയ്യാർ ഒഴുകിയെത്തുന്ന കായലും കടലും ഒത്തുചേരുന്ന സംഗമവേദി കൂടിയാണ് പൊഴിയൂർ.
പൊഴിയൂരിന്റെ മനോഹാരിത അറിഞ്ഞ് വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിർത്തി മേഖലയിലുള്ള നിരവധിപേർ ഇവിടെയെത്തുന്നത് പതിവാണ്. കടലിനെയും കായലിനേയും വേർതിരിക്കുന്ന മണൽത്തരികളാണ് പൊഴിയൂരിന്റെ മനോഹാരിതക്ക് പിന്നിലെങ്കിലും അപകടം പതിയിരിക്കുന്ന മേഖലയാണെന്നത് ഇവിടെയെത്തുന്ന പലരും തിരിച്ചറിയുന്നില്ല.
മരണങ്ങൾ നിരവധി, നടപടിയില്ല
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ തദ്ദേശീയരും വിനോദ സഞ്ചാരികളുമായ പതിനഞ്ചോളം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. മിക്കവരും ചെറുപ്പക്കാരും യുവജനങ്ങളുമാണ്. ചെറു സംഘങ്ങളായെത്തി കായലിലും കടലിലും കുളിക്കാനായി ഇറങ്ങുന്നവരാണ് പലപ്പോഴും അപകടത്തിൽ പെടാറുള്ളത്. ചെളിയും പടർപ്പുകളുമാണ് കായലിലെ അപകടങ്ങൾക്ക് കാരണമാകുന്നതെങ്കിൽ അടിയൊഴുക്കുകളാണ് കടലിൽ പതിയിരിക്കുന്നത്. നീന്തൽ അറിയുന്നവർപോലുമാണ് ഇവിടെയെത്തി അപകടത്തിൽപ്പെടാറുള്ളത്. കടലിലെ ശക്തമായ തിരമാലകൾക്കിടയിൽപെട്ട് അടിയൊഴുക്കുകളിൽ അകപ്പെടുന്നവരെ ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞായിരിക്കും കണ്ടെത്താനാകുക.
തദ്ദേശീയരായ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഓടിയെത്താവുന്ന മേഖലയായ പൊഴിയൂരിനെ ജനകീയ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി അപകട മരണങ്ങൾ ഒഴിവാക്കാൻ സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |