തിരുവനന്തപുരം: പൂജപ്പുര സബ് ജയിൽ കോമ്പൗണ്ടിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി തെരച്ചിൽ. പൂന്തുറ സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട്
എറണാകുളത്ത് നിന്നുമെത്തിച്ച അസാം സ്വദേശി മഹേഷ് ഗാർഗാണ് (19) കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇയാൾക്കായി വിവിധ ജില്ലകളിൽ അന്വേഷണം നടത്തുകയാണെന്ന് പൂജപ്പുര പൊലീസ് വ്യക്തമാക്കി.
അതേസമയം തെളിവെടുപ്പിനിടെ ഞായറാഴ്ച പൂജപ്പൂരയിലെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു പ്രതി ബിജോയ് ജേക്കബിനെ (39) കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് നിന്ന് വിളപ്പിൽശാല പൊലീസ് പിടികൂടിയിരുന്നു. വീട് വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചുകടന്ന് ഉപകരണങ്ങൾ തട്ടിയെടുത്ത കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്‌തത്. ട്രെയിനിൽ സ്ഥലംവിട്ട ബിജോയിയെ തെരഞ്ഞ് പൊലീസ് കോട്ടയത്തെത്തിയെങ്കിലും പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
പിന്നീട് തിരുവനന്തപുരത്തെത്തിയ ഇയാളെ ഫോൺ ലൊക്കേഷൻ പരിശോധിച്ച് ബന്ധുവീടിന്റെ സമീപത്തുവച്ച് തിങ്കളാഴ്ച രാത്രി 10ഓടെയാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യം ബിജോയ് ജേക്കബിന് സ്റ്രേഷനിൽ കീഴടങ്ങാനുള്ള വഴിയൊരുക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് റൂറൽ എസ്.പിക്ക് കാട്ടാക്കട ഡിവൈ.എസ്.പി റിപ്പോർട്ട് നൽകിയെന്നാണ് സൂചന. വട്ടിയൂർക്കാവ് സ്വദേശി സ്വരൂപ് മോഹനന്റെ പരാതിയിലാണ് ബിജോയ് ജേക്കബിനെ അറസ്റ്റുചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |