SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.04 AM IST

ലോഡ്ജ് മുറിയിലെ പീഡനം: യുവതിയെ മയക്കുമരുന്ന് കുത്തിവച്ച് 4 ദിവസം കെട്ടിയിട്ടു

READ ENGLISH VERSION

കൊച്ചി: എറണാകുളത്തെ ലോഡ്ജിൽ ദിവസങ്ങളോളം യുവതിയെ മാനഭംഗപ്പെടുത്തിയത് മയക്കുമരുന്ന് കുത്തിവച്ച് മുറിയിൽ കെട്ടിയിട്ട ശേഷം. ലഹരി കുത്തിവയ്‌ക്കാൻ ഉപയോഗിച്ച സിറിഞ്ചുകൾ എസ്.ആർ.എം റോഡിലെ ലോഡ്ജ് മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ജൂൺ 18 മുതൽ 22 വരെ യുവതിയെ തടങ്കലിലിട്ട് പീഡിപ്പിച്ചതിന് അറസ്റ്റിലായ കൊല്ലം പറവൂർ സ്വദേശി ഫിറോസ്ഖാനെയും കഴിഞ്ഞ മാർച്ചിൽ മട്ടാഞ്ചേരിയിലെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് പിടിയിലായ ഗുണ്ട അട്ടാണി അനീഷിനെയും റിമാൻഡ് ചെയ്തു.

എറണാകുളത്ത് ഹോട്ടൽ തൊഴിലാളിയായ യുവതിയെ കലൂരിൽ നിന്ന് കാറിലാണ് ഫിറോസ്ഖാൻ തട്ടിക്കൊണ്ട് വന്നതെന്നും കണ്ടെത്തി. അട്ടാണി അനീഷ് പീഡിപ്പിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ബലം പ്രയോഗിച്ച് കാറിൽ കയറ്റിയത്. വാഹനത്തിൽ കയറ്റിയപ്പോഴും മയക്കുമരുന്ന് നൽകിയതായി യുവതി മൊഴി നൽകി. അതിനാൽ എതിർക്കാനും ബഹളം കൂട്ടാനും സാധിച്ചില്ല.

ലോഡ്ജിൽ യുവതിയുമായി ഫിറോസ്ഖാൻ എത്തുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മുറിയിൽ നാലു ദിവസം തന്നെ കെട്ടിയിട്ടതായി യുവതി മൊഴി നൽകി.

ഇന്നലെ രാവിലെ നോർത്ത് സി.ഐ അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സിറിഞ്ചുകൾ കിട്ടിയത്. യുവതിയെ എത്തിച്ച കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഫിറോസ്ഖാന്റെ സുഹൃത്തിന്റെ ഹോണ്ട സിറ്റി കാറാണിതെന്ന് തിരിച്ചറിഞ്ഞു. മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്താനുള്ള ശാസ്ത്രീയപരിശോധനയ്‌ക്ക് യുവതിയുടെ രക്തസാമ്പിൾ ശേഖരിച്ചു. വൈദ്യപരിശോധനയിൽ യുവതി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. കോടതിയിൽ സമ‌ർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇത് ഉൾപ്പെടുത്തി.

അട്ടാണി അനീഷ് പീഡിപ്പിച്ച കേസിൽ യുവതിയെ ഇന്നലെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. മട്ടാഞ്ചേരി പുതിയ റോഡിലെ അനീഷിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. ലോഡ്ജിലെ പീഡനക്കേസിൽ യുവതിയുടെ മൊഴി വനിതാ മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്താൻ നോർത്ത് പൊലീസ് നടപടി തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL