കുന്നത്തുകാൽ: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീകൾക്ക് നേരെ ഇരുട്ടിന്റെ മറവിൽ ലഹരിമാഫിയ സംഘത്തിന്റെ കല്ലേറ്. ശനിയാഴ്ച്ച രാത്രി 9.15ന് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂളിന്റെ സമീപത്തുള്ള ഇടവഴിയിലായിരുന്നു സംഭവം. പലരും തിരിഞ്ഞോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ധനുവച്ചപുരം പലവക്കുളങ്ങര മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൂജ തൊഴാൻ പോയി മടങ്ങിയ നെടിയാംകോട് സ്വദേശികളായ സ്ത്രീകളുടെ നേർക്കാണ് കല്ലുകൾ പാഞ്ഞെത്തിയത്. സ്കൂളിന്റെ സമീപത്തെ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുകയായിരുന്ന രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നാണ് സ്ത്രീകൾ പറയുന്നത്.
ധനുവച്ചപുരം കോളേജ് ജംഗ്ഷൻ കേന്ദ്രീകരിച്ച് ലഹരിമാഫിയാസംഘം വിലസുന്നതായി പരാതികളേറെയാണ്. ഗേൾസ് സ്കൂളിനുസമീപം പുതുതായി നിർമ്മിച്ച വെയ്റ്റിംഗ് ഷെഡിനടുത്തായാണ് സമയബന്ധിതമായി ലഹരി മാഫിയകൾ വിഹരിക്കുന്നത്. പ്രദേശത്ത് രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതും സാമൂഹ്യവിരുദ്ധന്മാർക്ക് സൗകര്യമാകുകയാണ്.6മാസം മുൻപ് ഇതേ സ്ഥലത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സെലീന എന്ന വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാറശാല പൊലീസ് കേസെടുത്ത് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ധനുവച്ചപുരം പ്രദേശത്തെ ലഹരിമാഫിയാസംഘത്തെ പിടികൂടി നിയമനടപടി സ്വീകരിച്ച് പ്രദേശവാസികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |