
പൂവാർ: നിർമ്മാണം പൂർത്തിയായി അഞ്ച് മാസം കഴിയും മുമ്പ് കമുകിൻകോട് ബഥനി കോൺവെന്റ് റോഡ് തകർന്നു തുടങ്ങിയതായി നാട്ടുകാരുടെ പരാതി. ടാർ ചെയ്ത റോഡിന്റെ പല ഭാഗങ്ങളും ഇളകിത്തുടങ്ങി. റോഡിൽ കുഴികളും പ്രത്യക്ഷപ്പെട്ടു. കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയിട്ടുമുണ്ട്.
5 മാസങ്ങൾക്ക് മുമ്പ് വരെ കമുകിൻകോട് ബഥനി കോൺവെന്റ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ദയനീയമായ അവസ്ഥയിലായിരുന്നു. പ്രദേശത്തെ നായനാർ നഗർ റസിഡന്റ്സ് അസോസിയേഷൻ നടത്തിയ നിരന്തര ഇടപെടലുകളും റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളെയും തുടർന്നാണ് റോഡുപണിക്കായി നടപടിയായത്. തുടർന്ന് നെയ്യാറ്റിൻകര മുൻ എം.എൽ.എ കെ. ആൻസലന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് 500മീറ്റർ റോഡ് ടാർ ചെയ്തത്. 5മാസം പിന്നിട്ടപ്പോഴേക്കും റോഡ് പൊട്ടി പൊളിയാൻ കാരണം അശാസ്ത്രീയ നിർമ്മാണമാണെന്ന ആരോപണമുണ്ട്.
വാഹനങ്ങൾ നിരന്തരം ഓടാൻ തുടങ്ങിയതോടെ റോഡ് മുഴുവനും വിണ്ടുകീറുന്ന അവസ്ഥയിലാണ്. പുതിയ റോഡിൽ പ്രത്യക്ഷപ്പെട്ട കുഴികൾ ടൂവീലർ യാത്രകാർക്കും ഭീഷണിയാണ്.
അശാസ്ത്രീയ നിർമ്മാണമെന്ന് ആക്ഷേപം
റോഡ് ടാറിംഗ് നടക്കുന്ന സമയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇവിടെ വന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നായനാർ നഗർ റസിഡന്റെസ് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയായില്ല. ടാർ ചെയ്ത് 5മാസങ്ങൾ മാത്രം പിന്നിട്ട റോഡിന്റെ അവസ്ഥയും ക്രമകേടുകളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നായനാർ നഗർ റസിഡന്റ്സ് അസോസിയേഷൻ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |