വിതുര: വിതുര പഞ്ചായത്തിലെ മണിതൂക്കി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. പകലും രാത്രിയും ഒരുപോലെയാണ് കാട്ടാനകൾ നാട്ടിലിറങ്ങി ഭീതിപരത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഈട്ടിമൂട് മേഖലയിലിറങ്ങിയ കാട്ടാനകൾ തെങ്ങ് പിഴുത് വൈദ്യുതി ലൈനിലിട്ടു. ഇതോടെ ലൈൻ പൊട്ടിവീഴുകയും മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലക്കുകയും ചെയ്തു. മേഖലയിലെ കൃഷികളും നശിപ്പിച്ചു. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്. മണിതൂക്കി മേഖലകളിൽ മിക്ക ദിവസങ്ങളിലും കാട്ടാനക്കൂട്ടം എത്താറുണ്ട്. ഇവിടെ ആനക്കിടങ്ങും വൈദ്യുതവേലിയും നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പന്നിശല്യവും രൂക്ഷമാണ്. കാട്ടുമൃഗശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് മണിതൂക്കി നിവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |