
ഉദിയൻകുളങ്ങര: സ്കൂൾ വാഹനം കനാലിലേക്ക് മറിഞ്ഞ് ആറ് വിദ്യാർത്ഥിക്കും,ഡ്രൈവർക്കും ആയയ്ക്കും പരിക്ക്.ഉദിയൻകുളങ്ങര ഈഴക്കോണത്ത് പ്രവർത്തിക്കുന്ന ന്യൂജ്യോതി പബ്ലിക് സ്കൂളിലെ മിനി ബസാണ് മറിഞ്ഞത്.
ബിതാനിയോൽ (10),അർച്ചന (15),അരോമൽ (11),ആരോൺ ഷിബു (10),ഇവാൻ (8),നന്ദകിഷോർ (11) എന്നീ വിദ്യാർത്ഥികൾക്കും ഡ്രൈവർ സിബിൻ (32),ആയ അശ്വനി (34) എന്നിവർക്കുമാണ് പരിക്കേറ്റത്.ഇതിൽ ആരോൺഷിബു,ഇവാൻ ഷിബു,അർഷിത എന്നിവർക്ക് കൈയ്ക്കും കാലിനും പൊട്ടലുള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ബാക്കിയുള്ളവർക്ക് നിസാര പരിക്കുകളാണ്.
പ്ലാമൂട്ടുക്കട കാക്കറവിളയ്ക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം.സ്കൂൾ വിട്ട് വിദ്യാർത്ഥികളുമായി മടങ്ങുന്നതിനിടയിലായിരുന്നു അപകടം.ബസിലുണ്ടായിരുന്ന മറ്രു കുട്ടികളെ പലസ്ഥലങ്ങളിലായി ഇറക്കിയതിനുശേഷം അവസാന പോയിന്റിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്.ഇതിനാൽ വൻ ദുരന്തം ഒഴിവായി.
കനാൽ റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.വാഹനം തലകീഴായി മറിഞ്ഞെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഇവിടെ നടക്കുന്ന ഒമ്പതാമത്തെ അപകടമാണിത്.
മുൻപ് മൂന്ന് സ്കൂൾ ബസുകൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.ബണ്ട് റോഡിന്റെ വീതി കുറവാണ് അപകടങ്ങൾക്ക് കാരണം.മഴക്കാല ശുചീകരണങ്ങൾ നടത്താതെ പുല്ല് വളർന്നുക്കിടക്കുന്നതിനാൽ പലഭാഗങ്ങളിലും കനാലിന്റെ വശം കാണാൻ സാധിക്കാത്തതും അപകടങ്ങൾക്ക് കാരണമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |