തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ രോഗികളെ പുലയനാർകോട്ട ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ആദ്യഘട്ടമായി ഏകദേശം 200 കിടക്കകൾ സജ്ജമാക്കും. ആശുപത്രിയിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയാണ് സജ്ജീകരങ്ങൾ ഒരുക്കുന്നത്. അടുത്ത ആഴ്ചയോടെ ആശുപത്രികളിലേക് രോഗികളെ മറ്റിത്തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. പൾമണറി മെഡിസിൻ,കാർഡിയോളജി ഉൾപ്പെടെയുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും. ഇതിനായി ഡി.എം.ഒ,ഡി.എച്ച്.എസ് എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരെ ഉൾപ്പെടുത്തും. രോഗികളെ പരിചരിക്കുന്നതിനാവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയോഗിക്കും. ലാബ് പരിശോധനകൾ,ഡയാലിസിസ് ഉൾപ്പെടെയുള്ള അനുബന്ധ ചികിത്സാ സൗകര്യങ്ങളും ഘട്ടംഘട്ടമായി ഒരുക്കും.
ഏത് രോഗികളെയാകും മാറ്റുക
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്കെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാറ്റില്ല. പകരം വലിയ സങ്കീർണതകളില്ലാത്ത രോഗികളെയാണ് പുതിയ കേന്ദ്രത്തിലേക്ക് മാറ്റുക. പനിയോ അല്ലെങ്കിൽ മൂന്നോ നാലോ ദിവസം നിരീക്ഷണത്തിലും ചികിത്സയിലും തുടരേണ്ടവരെയാണ് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുക. ഇതിലൂടെ മെഡിക്കൽ കോളേജിലെ പ്രധാന വാർഡുകളിലും അത്യാഹിത വിഭാഗത്തിലുമുള്ള രോഗികൾക്ക് കിടക്കകളും ചികിത്സാസൗകര്യങ്ങളും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നിലവിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തും
ആശുപത്രിയിൽ 500 കിടക്കകൾ വരെ സജ്ജമാക്കാനുള്ള അടിസ്ഥാന സൗകര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ മുന്നൂറിലധികം പ്രവർത്തനക്ഷമമായ കിടക്കളാണുള്ളത്. ആവശ്യമായ കിടക്കകളും മെഡിക്കൽ ഉപകരണങ്ങളും ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കും.
നിലവിലുള്ള സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പദ്ധതിക്കായി പുതിയ കെട്ടിട നിർമാണമോ വലിയ അടിസ്ഥാന വികസനമോ ഉണ്ടാകില്ല. നിലവിലുള്ള സൗകര്യങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുകയും ആവശ്യമായ മെഡിക്കൽ സേവനങ്ങൾ കൂട്ടിച്ചേർക്കുകയുമാണ് ചെയ്യുക. അധിക സൗകര്യങ്ങൾ ആവശ്യമായാൽ പിന്നീട് ഘട്ടംഘട്ടമായി ഉൾപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |