
പാലോട്: നന്ദിയോട് - കല്ലറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെല്ലഞ്ചിപാലത്തിലെ ടൂറിസം സാദ്ധ്യതകൾ മങ്ങിയിട്ട് നാളുകൾ. മുൻ ബ്ലോക്ക് പഞ്ചായത്ത് നിരവധി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും എല്ലാം കടലാസിലൊതുങ്ങിയ നിലയിലാണ്. തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വർക്കലയെയും പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും ബന്ധിപ്പിക്കുന്ന സഞ്ചാരികളുടെ ഇടത്താവളമാക്കി ചെല്ലഞ്ചിപ്പാലം മാറ്റുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. ഇതിനുള്ള നടപടികൾ എങ്ങുമെത്താതായതോടെ പാലമിപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. വർക്കല ബീച്ചിൽ നിന്ന് നെടുമങ്ങാട് വഴി നേരിട്ട് പൊന്മുടിയിലേക്കെത്താൻ സഹായിക്കുന്ന വഴിയാണിത്. വാമനപുരം നദിക്ക് കുറുകെയുള്ള 148.25 മീറ്റർ നീളത്തിലുള്ള ചെല്ലഞ്ചിപ്പാലം കാണാൻ നിരവധി സഞ്ചാരികളെത്താറുണ്ട്. പൊന്മുടിയിലേക്ക് പോകുന്നതിനിടയിലുള്ള ഇടത്താവളമെന്ന നിലയിൽ ചെല്ലഞ്ചിപ്പാലത്തിനെ വികസിപ്പിക്കുമെന്നാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപിച്ചത്. വാമനപുരം നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടക്കാത്ത സ്ഥിതിയായിരുന്നു.
പ്രഖ്യാപനങ്ങൾ മാത്രം
പാലത്തിൽ നിന്ന് നദിയുടെ സൗന്ദര്യം ആസ്വദിക്കാനായി ഇരിപ്പിടങ്ങളും കുട്ടികളുടെ പാർക്കും നിർമ്മിക്കും. നദിയിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പാലത്തിന് മുകളിൽ ഫെൻസിംഗുകൾ സ്ഥാപിച്ച് നിരീക്ഷണത്തിനായി സി.സി.ടിവി ക്യാമറ സംവിധാനമൊരുക്കും. സഞ്ചാരികൾക്കായി കഫ്റ്റീരിയയും നിർമ്മിക്കും. എന്നാൽ ഈ പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ
നടപ്പാകാത്ത അവസ്ഥയാണ്. നിലവിൽ പാലമിപ്പോൾ ലഹരി മാഫിയയുടെ നിയന്ത്രണത്തിലും പ്രദേശവാസികൾക്കുപോലും ഇതുവഴി സഞ്ചരിക്കാനാവാത്ത സാഹചര്യവുമാണ്.
സാമൂഹ്യവിരുദ്ധ കേന്ദ്രം
നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലത്തിൽ നാല് ക്യാമറകളും അപകട സൂചനാബോർഡും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ചെല്ലഞ്ചി പാലം ഉൾപ്പെടുന്ന 13.5 കി.മീ നീളത്തിലുള്ള റോഡിനായി 13.45 കോടി രൂപ അനുവദിച്ച് നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് കൂടുതലും പാലത്തിന്റെ അടിഭാഗത്താണ്. അതുകൊണ്ട് അവിടെ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |