
കഷ്ടിച്ച് ഒരു വാഹനത്തിന് പോകാം
വർക്കല: വെള്ളിയാഴ്ചക്കാവിൽ എത്തുന്നവർ വീതിയേറിയ റോഡ് കാണുമ്പോൾ അമിത വേഗതയിൽ പോകാമെന്ന് കരുതരുത്,തൊട്ടുമുന്നിലായി നിങ്ങളെ കാത്ത് കുപ്പിക്കഴുത്ത് പോലൊരു പാലമുണ്ട്.വീതി കുറഞ്ഞ്,കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാവുന്ന വീതി മാത്രമെ പാലത്തിനുള്ളൂ. മറ്റൊരു വാഹനം എതിരെ വന്നാൽ കാത്തുനിൽക്കണം.പോരാത്തതിന് തൊട്ടടുത്ത് അപകട ഭീതി പരത്തി കുഴൽക്കിണറുമുണ്ട്.
ചെറുന്നിയൂരിൽ നിന്ന് മണനാക്ക് വഴി ആറ്റിങ്ങലിലേക്കുള്ള പൊതുമരാമത്ത് റോഡിലാണീ വെള്ളിയാഴ്ചക്കാവ് പാലം.കവലയൂർ,ചെറുന്നിയൂർ,മണമ്പൂർ,ഒറ്റൂർ മേഖലകളിലൂടെ കടന്നുപോകുന്ന റൂട്ടിൽ വർഷങ്ങളായി വാഹന ഗതാഗതം ഗണ്യമായി വർദ്ധിച്ചിട്ടും പാലത്തിന്റെ വീതി കൂട്ടാൻ നടപടിയില്ലെന്നാണ് ആക്ഷേപം.പാലത്തിന് മീറ്ററുകൾ മാറി റോഡരികിൽ കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കുഴൽ കിണറും അനുബന്ധ ഉപകരണങ്ങളും റോഡിലേക്ക് ചാഞ്ഞ് അപകട ഭീതിയുണ്ടാക്കുന്നുണ്ട്.ഈ കിണർ നീക്കം ചെയ്യാനും,പുതിയ പാലം നിർമ്മിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലം ഒറ്റ നോട്ടത്തിൽ
വെള്ളിയാഴ്ചക്കാവ് തോടിനുമീതേ നിർമ്മിക്കപ്പെട്ടത്
25 മീറ്റർ നീളവും 5മീറ്റർ വീതിയും
പഴക്കം - 80 വർഷം
ഒറ്റവരി പാത
നടപ്പാതയില്ല
സധാസമയവും തിരക്കേറിയ സ്ഥലം
ശിവഗിരി തീർത്ഥാടകരടക്കം ഇതുവഴി പോകാറുണ്ട്
പദ്ധതി മാത്രം
പത്ത് വർഷം മുൻപ്,പാലം പൊളിച്ച് പുതിയത് നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചെങ്കിലും ഒന്നും നടന്നില്ല.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് പുതിയപാലത്തിന് ഒരു കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിട്ടുണ്ടെന്ന് ഒ.എസ്.അംബിക എം.എൽ.എ അറിയിച്ചിരുന്നു.എന്നാൽ തുടർനടപടികൾ ആരംഭിച്ചിട്ടില്ല.
തിരക്കേറിയ ദേശീയപാതയ്ക്ക് ബദലായി വർക്കലയ്ക്കും ആറ്റിങ്ങലിനുമിടയിൽ യാത്രാദൂരം കുറഞ്ഞ പാത കൂടിയാണീ റോഡ്
ചില സമയങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ,എതിരെയുള്ള വാഹനങ്ങൾ കാത്തുനിൽക്കണം
രണ്ട് ചെറുവാഹനങ്ങൾക്ക് പോലും ഒരേസമയം കടന്നുപോകാൻ പറ്റില്ല
ഇരുചക്രവാഹന യാത്രക്കാരും സുരക്ഷിതരല്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |