വെള്ളറട: മലയോരമേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുടെയും കച്ചവടം വ്യാപകമാകുന്നു. സന്ധ്യമയങ്ങിയാൽ പ്രധാന കവലകളിലും പൊതിക്കഞ്ചാവ് സുലഭമായി ലഭിക്കുന്നുമെന്നാണ് റിപ്പോർട്ട്. തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തിയിലെ വെള്ളറട,ആറാട്ടുകുഴി,പനച്ചമൂട്,ചെറിയകൊല്ല,കാരക്കോണം,കന്നുമാംമൂട്, പ്രദേശങ്ങളിലാണ് കഞ്ചാവ് സുലഭമായി ലഭിക്കുന്നത്. അതിർത്തി വഴി യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഇപ്പോൾ കച്ചവടത്തിന് എത്തുന്നുണ്ട്.
ഇരകളായി വിദ്യാർത്ഥികളും
വിദ്യാർത്ഥികളാണ് ലഹരിസംഘത്തിന്റെ ഇരകളിൽ ഏറെയും. വിദ്യാർത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നുണ്ട്. ഉന്നതികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വില്പന സംഘങ്ങൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിലിൽ പേടിച്ച് റോഡിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഗ്രാമങ്ങളിൽ.
ലഹരിമാഫിയ സംഘങ്ങൾ വിലസുന്നു
ആറാട്ടുകുഴി, പനച്ചമൂടും കേന്ദ്രീകരിച്ച് വൻ കഞ്ചാവു വില്പന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകളെയും വില്പന സംഘം ബൈക്കുകളും നൽകി രംഗത്തിറക്കിയിട്ടുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. അടുത്ത കാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യ പ്രവണതയും കൂടിയിട്ടുണ്ട്.
പരിശോധന കാര്യക്ഷമമാക്കണം
കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്കാവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയും പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമായാണ് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |