
തടസമായി ട്രാൻസ്‌ഫോർമർ
വിഴിഞ്ഞം: റോഡിന് ഒരുവശത്തെ ട്രാൻസ്‌ഫോർമർ മാറ്റാത്തതിനാൽ വെള്ളായണി കായലിന് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണം പ്രതിസന്ധിയിൽ. പാലം ദീർഘിപ്പിക്കാൻ തീരുമാനിച്ചതോടെ അപ്രോച്ച് റോഡിനായി അധികമേറ്റെടുക്കേണ്ട ഭാഗത്തുള്ള ട്രാൻസ്‌ഫോർമർ മാറ്റിയാൽ മാത്രമേ പദ്ധതി മുന്നോട്ടുപോകൂ എന്നതാണ് സ്ഥിതി. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു എം.വിൻസെന്റ് എം.എൽ.എയ്‌ക്ക് കത്തുനൽകി.
ആദ്യ രൂപരേഖയിലുള്ള പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം നേരത്തെ ഏറ്റെടുത്തിരുന്നു. പാലത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായ ശേഷമാണ് കായൽ ഭാഗം തീരുന്നതുവരെ പാലം ദീർഘിപ്പിക്കാൻ കിഫ്ബി നിർദ്ദേശിച്ചത്. കായലിൽ ഡ്രെഡ്ജിംഗ് ഉൾപ്പെടെയുള്ള നിർമ്മാണം നടത്തുമ്പോഴുള്ള ബുദ്ധിമുട്ടുകൾ മുൻകൂട്ടിക്കണ്ടാണിത്. എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ തുടർ പ്രവർത്തനങ്ങൾ നീണ്ടു. കാർഷിക കോളേജ് ഭാഗത്തേക്ക് 39 മീറ്ററും കാക്കാമൂല ഭാഗത്തേക്ക് 15 മീറ്ററും നീളത്തിലാണ് പാലം ദീർഘിപ്പിക്കുന്നത്. ഇതിനായി ഒരു വശത്ത് മൂന്നും മറുവശത്ത് ഒരു സ്‌പാനും വേണ്ടിവരും. കുറച്ചുദൂരത്തേക്ക് അപ്രോച്ച് റോഡും ആവശ്യമാണ്. ഇതിനുള്ള സ്ഥലമേറ്റെടുക്കലാണ് നീണ്ടുപോകുന്നത്.
അതേസമയം ചർച്ചകൾ നടക്കുന്നുവെന്നാണ് അധികൃതരുടെ വാദം. മഴക്കാലത്ത് ബണ്ടുറോഡ് മുങ്ങി ഗതാഗതം തടസപ്പെടുന്ന സ്ഥിതിക്ക് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചത്. പാലം ദീർഘിപ്പിച്ചുള്ള പുതിയ നിർമ്മാണം സംബന്ധിച്ച രൂപരേഖ,എസ്‌റ്റിമേറ്റ് എന്നിവയ്ക്ക് കെ.ആർ.എഫ്.ബിയുടെ അംഗീകാരവും ലഭിച്ചിരുന്നു.
കിഫ്ബി പദ്ധതി
2021ൽ പാലം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചു
173.2 മീറ്റർ നീളം
നിർമ്മാണച്ചുമതല..... ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിക്ക്
ചെലവ് 30.25 കോടി
രണ്ടുവർഷം മുമ്പ് നിർമ്മാണം തുടങ്ങി
താത്കാലിക റോഡ് അടച്ചു
പാലം പണിയുടെ ഭാഗമായി ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കുമായി
നിർമ്മിച്ച താത്കാലിക പാലം കഴിഞ്ഞ ദിവസം മുതൽ ഒരാഴ്ചത്തേക്ക് അടച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |