
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് തടസമായി ശംഖുംമുഖം കടൽത്തീരത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായി ആക്ഷേപം. മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിക്കുന്ന കോൺക്രീറ്റ് ഗ്യാലറിയാണ് ആറാട്ട് എഴുന്നെള്ളത്തിനും തുടർന്നുള്ള കർമ്മങ്ങൾക്കും തടസമാകുന്നത്.
ആറാട്ടുമണ്ഡപത്തിൽ ഇറക്കുന്ന ഗരുഡവാഹനത്തിൽ നിന്ന് ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹം,ആറാട്ടുകടവിലെ മണൽത്തിട്ടയിലേക്ക് എഴുന്നെള്ളിക്കാൻ ഇനി പടിക്കെട്ടിനെ ചുറ്റി വരണം.
നൂറ്റാണ്ടുകളായുള്ള എഴുന്നെള്ളത്ത് പാതയ്ക്കാണ് ഇതോടെ മാറ്റം വരുന്നത്.
മണൽത്തിട്ടയിൽ എഴുന്നെള്ളിച്ചിരുത്തുന്ന ശ്രീപദ്മനാഭ വിഗ്രഹത്തിനും ആറാട്ടുമണ്ഡപത്തിലെ ഗരുഡവാഹനത്തിനും അഭിമുഖമായാണ് തന്ത്രിയിരുന്ന് പൂജ കഴിക്കുന്നത്.പടിക്കെട്ട് വന്നതോടുകൂടി ദേവനും ദേവന്റെ വാഹനത്തിനും ഇടയിൽ ഒരു വൻമതിൽ ഉണ്ടായി. പൂജയ്ക്കിരിക്കുന്ന തന്ത്രിക്ക് ഇനി മുതൽ ഗരുഡവാഹനം കാണാൻ സാധിക്കാത്ത അവസ്ഥ വരും.പരമ്പരാഗത വിശ്വാസത്തിന് ഭംഗം വരുത്തുന്ന ഈ നിർമ്മാണം പരിഷ്കരിച്ച് പരിഹാരം കാണണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
പടിക്കെട്ടിന്റെ നിർമാണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ,എക്സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ് ശ്രീഹരി എന്നിവർ ശംഖുംമുഖം ആറാട്ട് കടവ് സന്ദർശിച്ചു.ഈ നിർമ്മാണം അംഗീകരിക്കാൻ സാധിക്കില്ലെന്ന് കരമന ജയൻ പറഞ്ഞു. പടിക്കെട്ടിൽ നിന്ന് 6 മീറ്റർ ഭാഗം ഇടിച്ചു മാറ്റി പൗരാണികമായി നടക്കുന്ന ആചാരങ്ങൾക്കുണ്ടാവുന്ന തടസങ്ങൾ ഒഴിവാക്കണമെന്ന് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.14 കോടി ചെലവിൽ 355 മീറ്റർ നീളമുള്ള ഗ്യാലറിയാണ് നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |