ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ നിരീക്ഷണ വിഭാഗമായ യെല്ലോ സോണിൽ പുകപരന്നത് ആശങ്ക സൃഷ്ടിച്ചു. ഗ്യാസ് ചോർച്ചയെന്ന സംശയത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി രോഗികളെയും കൂട്ടിരിപ്പുകാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പുകയുടെ കാരണമെന്തെന്ന് കണ്ടെത്താനായില്ല. പി.ഡബ്ല്യൂ.ഡി സിവിൽ, ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥരടക്കം പരിശോധന നടത്തി. ഗുരുതരപ്രശ്‌നങ്ങൾ കണ്ടെത്താനായില്ല.
പുക ശ്വാസതടസത്തിനും ശാരീരിക അസ്വസ്ഥതകൾക്കും കാരണമായി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. യെല്ലോ സോണിൽ ചികിത്സയിലുണ്ടായിരുന്ന നിരവധി രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഒരേസമയം ശ്വാസതടസം,കടുത്ത ചുമ,തൊണ്ടയിൽ അസ്വസ്ഥത,കണ്ണെരിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഇതോടെ പാചകവാതക ചോർച്ചയാണോ മറ്റേതെങ്കിലും വാതകമോ പുകയോ പരന്നതാണോ എന്ന സംശയം ഉയർന്നു. ഉടൻ ആശുപത്രി അധികൃതർ ഇടപെട്ട് യെല്ലോ സോണിലുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഗ്രീൻ സോണിലേക്ക് സുരക്ഷിതമായി മാറ്റി.
രോഗികൾ സുരക്ഷിതർ
നിലവിൽ രോഗികൾക്കാർക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അസ്വസ്ഥത അനുഭവപ്പെട്ടവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പരിശോധന പൂർത്തിയാകുന്നതുവരെ യെല്ലോ സോണിലെ പ്രവർത്തനങ്ങൾ നിയന്ത്രിത രീതിയിലായിരിക്കുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് തുടർ നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
പരിശോധന പൂർത്തിയാക്കി ഇന്നലെ വൈകിട്ട് 3 മുതൽ വീണ്ടും രോഗികളെ യെല്ലോ സോണിൽ പ്രവേശിപ്പിച്ചു. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ കഴിഞ്ഞ മാർച്ച് 17നുണ്ടായ തീപിടിത്തം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സർജിക്കൽ ഐ.സിയുവിലെ വെന്റിലേറ്റർ യൂണിറ്റിന്റെ തകരാറാണ് അന്ന് തീപിടിത്തത്തിന് കാരണമായത്.
വിശദ അന്വേഷണം തുടങ്ങി
പുകയുടെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ദ്ധ സംഘം വിശദ പരിശോധന ആരംഭിച്ചു. എയർ കണ്ടീഷനിംഗ് സംവിധാനങ്ങളിലെ തകരാർ, ഓക്‌സിജൻ സപ്ലൈ ലൈനുകളിൽ നിന്നുള്ള ചോർച്ച എന്നിവക്കുള്ള സാദ്ധ്യത, മറ്റേതെങ്കിലും രാസവാതകമോ പുകയോ പരന്നതാണോ എന്നതടക്കമുള്ള സാദ്ധ്യതകളുമാണ് പരിശോധിക്കുന്നത്.ഇടതടവില്ലാതെ ഉപയോഗിക്കുന്ന ടൂബ് ലൈറ്റുകളുടെയോ ഭാനുകളുടെയോ ഭാഗങ്ങളിൽ നിന്നും പടർന്ന പുകയാണോയെന്നും സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |