SignIn
Kerala Kaumudi Online
Monday, 27 July 2026 7.46 AM IST

അനാഥമായി കടയ്ക്കാവൂർ ആയൂർവേദ ആശുപത്രി കെട്ടിടം

ay

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ ആയൂർവേദ ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടം നശിക്കുന്നു. ആയുർവേദ ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയിട്ട് വർഷങ്ങളായെങ്കിലും പ്രവർത്തനമാരംഭിച്ചിട്ടില്ല. കടയ്ക്കാവൂർ പഞ്ചായത്ത്‌ ഓഫീസിന്റെ എതിർവശത്തായി അഞ്ഞൂറ് മീറ്റർ ഉള്ളിലോട്ട് പഴയ ആശുപത്രി കെട്ടിടത്തിന് സമീപത്തായിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

റോഡിൽനിന്ന് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് വഴിയില്ലാത്തതാണ് കെട്ടിടം പ്രവർത്തിപ്പിക്കാത്തതിനു കാരണമായി പഞ്ചായത്തധികൃതർ പറയുന്നത്. എസ്.സി ഭൂരഹിതർക്ക് നൽകുന്നതിനായി പഞ്ചായത്ത് വാങ്ങിയ 40 സെന്റ് ഭൂമിയിൽ 10 സെന്റിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ആറു വർഷത്തോളമാകുന്നു.

കെട്ടിടം കാടുകയറി

കെട്ടിടവും പരിസരവും തെരുവുനായ്ക്കളുടേയും ഇഴജന്തുക്കളുടേയും വിഹാര കേന്ദ്രമാണ്. കെട്ടിടത്തിന് പുറകുവശത്ത് കൂടിയുള്ള ഓടയ്ക്ക് കുറുകെ സ്ലാബ് നിരത്തി താത്ക്കാലിക വഴിയൊരുക്കി ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാനുള്ള പഞ്ചായത്തിന്റെ ശ്രമവും ഫലം കണ്ടില്ല.

പഴയ ആശുപത്രിയിൽ സൗകര്യക്കുറവ്

പഴയ ആശുപത്രിയിൽ ദൂരസ്ഥലങ്ങളിൽ നിന്നായി ദിവസവും നിരവധി രോഗികൾ ചികിത്സക്കായി എത്തുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുകയും കിടത്തി ചികിത്സ നൽകുന്നതിനുള്ള സൗകര്യമില്ലായ്മയും മഴക്കാലമെത്തുന്നതോടെ ടോയ്ലെറ്റിലെ സെപ്ടിക്ക് ടാങ്കുകൾ നിറയുന്നതും ജീവനക്കാരുടെ കുറവുമൊക്കെയാണ് പുതിയ കെട്ടിടം വേണമെന്ന ആവശ്യകതയിലേക്ക് എത്തുന്നത്.

മഴക്കാലമായാൽ ഇവിടം വെള്ളക്കെട്ടും ചെളിയുമാകും. വഴി സൗകര്യമൊരുക്കി ആശുപത്രി പ്രവർത്തന സജ്ജമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL