SignIn
Kerala Kaumudi Online
Thursday, 10 September 2026 10.40 AM IST

സംഘർഷമൊഴിഞ്ഞു, കമാൻ പോസ്റ്റിൽ സഞ്ചാരി പ്രവാഹം

kaman-post

ഉറി (ജമ്മു കശ്മീർ): വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രമായതോടെ വടക്കൻ കാശ്മീർ ഉറി സെക്ടറിലെ കമാൻ പോസ്റ്റിൽ സഞ്ചാരികളുടെ പ്രവാഹം വർദ്ധിച്ചു.

കാശ്മീരിനും പാക് അധിനിവേശ കാശ്മീരിനും (പി.ഒ.കെ) ഇടയിലുള്ള ഉറിയിലെ അതിർത്തി പോയിന്റാണ് കമാൻ പോസ്റ്റ്. ഒരുകാലത്ത് സംഘർഷഭരിതമായിരുന്ന ഈ സ്ഥലത്തേക്ക് 2023 ജൂണിലാണ് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്.
ഈ വർഷം ഇതുവരെ 3500ലധികം സന്ദർശകർ ഇവിടെയെത്തിയതായാണ് കണക്ക്. കേരളത്തിൽ നിന്ന് ജമ്മു കാശ്മീരിലെത്തിയ പി.ഐ.ബി. സംഘത്തിലെ മാദ്ധ്യമ പ്രവർത്തകരും ഇന്നലെ കമാൻ പോസ്റ്റ് സന്ദർശിച്ചു. കഴിഞ്ഞവർഷം ഇവിടം സന്ദർശിച്ച സഞ്ചാരികളുടെ എണ്ണം ആറായിരത്തിലധികമായിരുന്നു.
ശ്രീനഗറിൽ നിന്ന് 120 കിലോമീറ്റർ യാത്രയുണ്ട്. മാർഗമദ്ധ്യേ പലയിടത്തും കരസേനയുടെ കർശന പരിശോധനയുമുണ്ടാകും.

 അമൻസേതു

ബാരമുള്ളയെ പി.ഒ.കെയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ബ്രിഡ്ജ് ഒഫ് പീസ് എന്നറിയപ്പെടുന്ന അമൻ സേതു. ഒരു വലിയ ഗെയിറ്റ് തുറന്നുവേണം പാലത്തിലേക്ക് പ്രവേശിക്കാൻ. മുമ്പ് ഇതുവഴി ബസ് സർവീസ് ഉണ്ടായിരുന്നു. ഇന്ത്യ -പാക്ക് സംഘർഷത്തെ തുടർന്ന് പാലം അടച്ചതോടെ ബസ് സർവീസും നിലച്ചു. ഏറ്റവും ഒടുവിൽ പാലം തുറന്നത് ത്ഡലം നദിയിലൂടെ ഒഴുകിയെത്തിയ പാക് പൗരൻമാരുടെ മൃതദേഹം കൈമാറാനായിരുന്നു. അമൻ പാലത്തിനടുത്ത് നിന്നാൽ പാക് സൈന്യത്തിന്റെ നിരീക്ഷണ കേന്ദ്രം കാണാം.

വീരപഥിലെത്തുന്നതിന് മുമ്പുള്ള അവസാന പരിശോധന കേന്ദ്രത്തിലെ സന്ദേശം കൗതുകമാണ് - 'റെസ്പെക്ട് ഓൾ, സസ്പെക്ട് ഓൾ".

 കമാൻ പോസ്റ്റിലെ പ്രധാന ആകർഷണങ്ങൾ
60 അടി ഉയരമുള്ള വലിയ ദേശീയ പതാക, വീർ പഥ്, യുദ്ധസ്മാരകം,

കാശ്മീരിന്റെ ചരിത്രം വിളിച്ചോതുന്ന അപൂർവ്വ ചിത്രങ്ങൾ, പഴയകാല ആയുധങ്ങൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്.
വ്യൂ പോയിന്റുകളിൽ ഒരുക്കിയിട്ടുള്ള ബൈനോക്കുലറിലൂടെ സന്ദർശകർക്ക് പാക് അധീന കാശ്മീരിലെ മലനിരകളും അതിർത്തി ഗ്രാമങ്ങളും കാണാം.

 'കമാൻ പോസ്റ്റ്'

1948ൽ നടന്ന 'തിക്കൽ യുദ്ധത്തിലെ' ധീരനായ പോരാളിയും മഹാവീർ ചക്ര പുരസ്‌കാര ജേതാവുമായ ലെഫ്. കേണൽ കമാൻ സിംഗ് പഥാനിയയുടെ സ്മരണാർത്ഥം 1956ലാണ് പോസ്റ്റിന് 'കമാൻ പോസ്റ്റ്' എന്ന് പേരിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KASHMIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL