SignIn
Kerala Kaumudi Online
Monday, 27 July 2026 3.26 AM IST

ആനക്കിടങ്ങ് നിർമ്മാണം അവസാന ഘട്ടത്തിൽ

photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ ജനവാസ മേഖലകളിലെ കാട്ടാന ശല്യത്തിന് പരിഹാരമായി 2024ൽ ആരംഭിച്ച ആന കിടങ്ങിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. എട്ടു കിലോമീറ്റർ ദൈർഘ്യത്തിലുള്ള ആന കിടങ്ങിന് ഒരു കോടി നാലു ലക്ഷം രൂപയാണ് ചെലവ്. ഇടവം പള്ളിയുടെ താഴ്ഭാഗത്തു നിന്ന് കോളച്ചൽ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ കിടങ്ങു നിർമ്മാണം പൂർത്തിയായി. കോളച്ചൽ വളവിൽ നിന്ന് ഇടിഞ്ഞാർ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരവും മഞ്ഞണത്തും കടവു മുതൽ ചെന്നല്ലിമൂട് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരവും നിർമ്മാണവും അവസാന ഘട്ടത്തിലാണ്. 2.5 മീറ്റർ ആഴത്തിലും 2 മീറ്റർ വീതിയിലുമാണ് കിടങ്ങുകളുടെ നിർമ്മാണം. ഒരു കിലോമീറ്റർ നിർമ്മാണത്തിന് 13 ലക്ഷം രൂപയാണ് നൽകുന്നത്. സൗരോർജ്ജ വേലി നിർമ്മിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് 68 ലക്ഷം രൂപയോളം ചെലവഴിച്ച് സൗരോർജ്ജ വേലി സർക്കാർ നിർമ്മിച്ചു നൽകിയിരുന്നു. എന്നാൽ പല സ്ഥലങ്ങളിലും സോളാർ വേലി തകർന്ന് ലക്ഷങ്ങൾ പാഴായ നിലയിലാണ്.

പകലും കാട്ടാനശല്യം

രാത്രികാലങ്ങളിൽ ഇറങ്ങിയിരുന്ന കാട്ടാനകൾ ഇപ്പോൾ പകൽ സമയത്തും ജനവാസ മേഖലയിലിറങ്ങുന്ന സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ, കൃഷികൾ എന്നിവ ഇവ നശിപ്പിക്കുന്നതോടെ ഏറെ ദുരിതത്തിലാണ് നാട്ടുകാർ. കാലൻകാവ്,നാഗര,പൊരിയകാട്,വട്ടപ്പൻകാട്,ഭദ്രംവച്ചപാറ എന്നിവിടങ്ങളിൽ കാട്ടുപോത്താണ് ശല്യക്കാരൻ. വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് പോകുന്ന കുട്ടികൾ,ഇരുചക്ര വാഹന യാത്രക്കാർ, റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ എന്നിവർ ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്. വനംവകുപ്പിലും പഞ്ചായത്തിലും നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL