കടയ്ക്കാവൂർ: കയർ വ്യവസായത്തിന് പേരുകേട്ട വക്കത്തെ കയർ സൊസൈറ്റികൾ അവഗണനയിൽ. മേഖലയിൽ അഞ്ച് സൊസൈറ്റികളാണ് പ്രവർത്തിച്ചിരുന്നത്. വക്കം അണയിൽ കയർ സൊസൈറ്റി, അകത്തുമുറി തെക്ക് കയർ വ്യവസായസംഘം, മണനാക്ക് കയർ സൊസൈറ്റി, വക്കം നോർത്ത് വെസ്റ്റ് കയർ സംഘം, ഇറങ്ങുകടവ് കയർ സംഘം എന്നിവിടങ്ങളിലാണ് താഴുവീണത്. അഞ്ചു സൊസൈറ്റികളിലുമായി ആയിരത്തോളം തൊഴിലാളികളും ഇരുനൂറ് റാട്ടുകളുമുണ്ടായിരുന്നു. ഒരു റാട്ടിൽ കുറഞ്ഞത് ആറ് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്.യന്ത്രവത്കൃത റാട്ടുകളും ചകിരി പിരിക്കാനുള്ള അത്യാധുനിക മെഷീനുകളും വന്നെങ്കിലും സംഘങ്ങൾ നിശ്ചലമായി.
കയർ വ്യവസായം തകർന്നതോടെ പ്രദേശത്തെ തെങ്ങുകളും നശിച്ചു. വക്കത്തെ വീടുകളിലെ ആവശ്യങ്ങൾക്ക് പോലും നാളികേരം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
പ്രതിസന്ധി മറികടക്കാനാകുന്നില്ല
കയർമേഖലയെ പുനരുജ്ജീവിപ്പിക്കുവാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇതൊന്നും പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായിരുന്നില്ല. കയർ വ്യവസായം തകർന്നതോടെ സംരക്ഷണമില്ലാതെ പ്രദേശത്തെ തെങ്ങുകളും നശിച്ചു. കേരവൃക്ഷങ്ങളുടെ ഈറ്റില്ലമായിരുന്ന വക്കത്തെ വീടുകളിലെ ആവശ്യങ്ങൾക്ക് പോലും നാളികേരം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്
1950മുതൽ 57വരെ വിവിധയിടങ്ങളിലാണ് സൊസൈറ്റികൾ ആരംഭിച്ചത്. വക്കത്തെ ഒട്ടുമിക്ക വീടുകൾ കേന്ദ്രീകരിച്ചാണ് ചെറുകിട യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.തമിഴ്നാട്,മഹാരാഷ്ട്ര,ഗുജറാത്ത് മുതലായ സംസ്ഥാനങ്ങൾക്കാണ് കയർ ബോർഡ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
കയർ വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തു നാളികേരത്തിലുള്ള തൊണ്ടാണ്. അത് ഉപയോഗിച്ചുള്ള കയർ ലോകശ്രദ്ധ ആകർഷിച്ചിരുന്നു. കൊല്ലംകോട്,തേങ്ങാപട്ടണം,അമരവിള,കോവളം,കൂരമ്പ്,കളിയിക്കാവിള തുടങ്ങിയ സ്ഥലങ്ങൾ തൊണ്ടു ലഭ്യമായ കേന്ദ്രങ്ങളായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |