
പാലോട്: ആദിവാസി മേഖലകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ തെരുവുനായ് ശല്യവും മാലിന്യപ്രശ്നങ്ങളും വർദ്ധിച്ചിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതി. പഞ്ചായത്തുകൾ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതോടെ ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇപ്പോഴത്തെ മാലിന്യ നിക്ഷേപം.ദൈവപ്പുര ഗവ.എൽ.പി സ്കൂളിന് സമീപവും താന്നിമൂട് കുടവനാട് റോഡിലും മാലിന്യ നിക്ഷേപം രൂക്ഷമാണ്. പഞ്ചായത്തുകൾ അരലക്ഷം രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞു.നിലവിൽ എല്ലാ എം.സി.എഫ് യൂണിറ്റുകളുടെ പരിസരങ്ങൾ മുഴുവൻ മാലിന്യക്കൂമ്പാരങ്ങളാണ്. മഴക്കാലം ശക്തമായതോടെ പരിശോധനകൾക്ക് കുറവു വന്നു.ഇതോടെ വീണ്ടും അറവ് - ഹോട്ടൽ മാലിന്യം തള്ളൽ പതിവായി. ഈ പ്രദേശത്തൂടെ വഴി നടക്കാൻ മൂക്കുപൊത്തേണ്ട അവസ്ഥ.
സ്ട്രീറ്റ് ലൈറ്റും ഇല്ല
സ്ട്രീറ്റ് ലൈറ്റ് കത്താത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. നിരവധി പ്രാവശ്യം മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്തെങ്കിലും പിഴ ചുമത്തി വിടുകയാണ് പതിവ്. ഇത് വീണ്ടും കുറ്റകൃത്യം ചെയ്യാൻ പ്രേരണയാകും.യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്,പാങ്ങോട് പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.
ഷെൽട്ടർ പ്രഖ്യാപനത്തിൽ
നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവുനായ്ക്കൂട്ടം ശല്യമാകുന്നു. പെരിങ്ങമ്മല ജംഗ്ഷൻ,ആശുപത്രി കോമ്പൗണ്ട്,കുശവൂർ,തെന്നൂർ,കോളേജ് ജംഗ്ഷൻ,പാലോട് ആശുപത്രി ജംഗ്ഷൻ,നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ,പച്ച ശാസ്താക്ഷേത്ര പരിസരം,ഓട്ടുപാലം,പച്ച,കാലൻകാവ്,പൊട്ടൻചിറ,വട്ടപ്പൻകാട്,ആലുംമ്മൂട് എന്നിവിടങ്ങളിൽ തെരുവ് നായ്ക്കളുടെ കേന്ദ്രമാണ്. ഇവയ്ക്കായി നിർമ്മിക്കാനിരുന്ന ഷെൽട്ടർ സംവിധാനവും എങ്ങുമെത്തിയില്ല.
വഴിനടക്കാൻ വയ്യ
രാത്രിയായാൽ കൂടുതൽ ആക്രമണകാരികളാകുന്ന നായ്ക്കൂട്ടം കാരണം നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കഴിയാതായി. പൊതുജനങ്ങളെ ഉപദ്രവിക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കും.ഒഴിഞ്ഞ പറമ്പുകൾ,പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ,ഇടവഴികൾ തുടങ്ങിയ ഇടങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളും നാട്ടുകാർക്ക് ഭീഷണിയാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |