
മണലിയിലും പൊന്നാംചുണ്ടിലും ഫാം ഗാർഡുകൾ സ്ഥാപിക്കും
നടപടി കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ
വിതുര: വിതുര പഞ്ചായത്തിലെ വന്യമൃഗശല്യത്തിന് തടയിടാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമായി കാട്ടാനശല്യം രൂക്ഷമായ മണലിയിലും പൊന്നാംചുണ്ടിലും ഫാം ഗാർഡുകൾ സ്ഥാപിക്കുമെന്ന് പാലോട് റേഞ്ച് ഓഫീസർ എസ്.ശ്രീജു അറിയിച്ചു.
എ.ഐ ക്യാമറകളിലൂടെ ലഭിക്കുന്ന സിഗ്നലുകൾക്കനുസരിച്ച് പ്രത്യേകശബ്ദം പുറപ്പെടുവിച്ച് മൃഗങ്ങളെ അകറ്റുന്ന സംവിധാനമാണ് ഫാം ഗാർഡുകൾ. മണലി,പൊന്നാംചുണ്ട് മേഖലയിലെ വന്യമൃഗ ശല്യത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഡി.സി.സി ജനറൽസെക്രട്ടറി എൽ.കെ.ലാൽറോഷിൻ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ഡി.എഫ്.ഒയ്‌ക്കും പരാതി നൽകിയിരുന്നു.
ഇതോടെ റേഞ്ച് ഓഫീസറും സംഘവും കാട്ടുമൃഗശല്യം അതിരൂക്ഷമായ മേഖലകൾ സന്ദർശിക്കുകയും നാട്ടുകാരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്നാണ് ഫാംഗാർഡ് സംവിധാനം ഏർപ്പെടുത്താൻ അടിയന്തരമായി തീരുമാനിച്ചത്.
ഫാംഗാർഡ് സംവിധാനം
മണലി,പൊന്നാംചുണ്ട് മേഖലകളിൽ സ്ഥാപിക്കുന്ന ഫാംഗാർഡ് എ.ഐ ക്യാമറയുടെ 100 മീറ്റർ ചുറ്റളവിൽ കാട്ടാനയോ കാട്ടുപോത്തോ എത്തിയാൽ അവയെ അകറ്റാൻ കഴിയുന്ന ശബ്ദം ഉടൻ ഫാംഗാർഡ് പുറപ്പെടുവിക്കും. ശബ്ദം കേട്ട് കാട്ടുമൃഗങ്ങൾ തിരിച്ചുപോകും. ഇതിന്റെ സന്ദേശം ഉടൻ ഡി.എഫ്.ഒയ്‌ക്കും റേഞ്ച് ഓഫീസർക്കും ലഭ്യമാകും.
നേരത്തേ വിതുര പഞ്ചായത്തിലെ മാങ്കാലയിൽ ഏർപ്പെടുത്തിയിരുന്ന ഫാംഗാർഡ് സംവിധാനം വിജയകരമായിരുന്നു. കാട്ടുമൃഗശത്തിന് തടയിടാൻ കഴിയുമെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. പത്ത് ദിവസത്തിനകം ഫാംഗാർഡുകൾ സ്ഥാപിക്കുമെന്ന് ആർ.ഒ അറിയിച്ചു. വിജയകരമായാൽ പഞ്ചായത്തിൽ വന്യമൃഗശല്യം രൂക്ഷമായ മറ്റ് മേഖലകളിലും ഇവ സ്ഥാപിക്കും.
ഫോട്ടോ: വിതുര പഞ്ചായത്തിലെ മണലി പൊന്നാംചുണ്ട് മേഖലയിൽ വനംവകുപ്പ്
ആർ.ഒ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |