തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായി ഇന്നലെ നിറപുത്തരി ആഘോഷം ക്ഷേത്രങ്ങളിൽ നടന്നു. ക്ഷേത്രങ്ങളിൽ പൂജിച്ച ശേഷം ലഭിക്കുന്ന നെൽക്കതിരുകൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ സ്ഥാപിക്കുന്നത് ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം.ഒരു വർഷത്തെ ഐശ്വര്യമായി വീടുകളിൽ സൂക്ഷിക്കുന്നതിന് പൂജിച്ച നെൽക്കതിരുകൾ വാങ്ങിയാണ് ഇന്നലെ ഭക്തർ ക്ഷേത്രങ്ങളിൽ നിന്ന് മടങ്ങിയത്. കർക്കടകത്തിന്റെ വറുതിയിൽ നിന്ന് സമൃദ്ധിയുടെ നിറവിലേക്കുള്ള തുടക്കമാണ് നിറപുത്തരി.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുത്തരിക്കണ്ടത്ത് വിളഞ്ഞ നെൽക്കതിർ ആണ് നിറപുത്തരിക്ക് ഉപയോഗിച്ചത്. പദ്മതീർത്ഥക്കരയിൽ നിന്നും വാദ്യഘോഷങ്ങളോടെ കതിർക്കറ്റകൾ എഴുന്നള്ളിച്ചു. ഗോപുരത്തിനു താഴെ എത്തിച്ച കതിർകറ്റകൾ പൂജയ്ക്ക് ശേഷം ശീവേലിപ്പുര വഴി പ്രദക്ഷിണമായി അഭിശ്രവണ മണ്ഡപത്തിൽ എത്തിച്ചു.പെരിയ നമ്പി തൊടി സത്യനാരായണൻ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു.തുടർന്ന് ശ്രീകോവിലിനകത്തും ഉപദേവതാ ക്ഷേത്രങ്ങളിലും കതിരുകൾ എത്തിച്ചു. കതിർ പ്രസാദം ക്ഷേത്രത്തിന്റെ നാലു നടകളിലുമുള്ള കൗണ്ടറുകൾ വഴി ഭക്തർക്ക് വിതരണം ചെയ്തു. അവിൽ നിവേദ്യവും നടത്തി. ആറ്റുകാൽ ഭഗവതി ക്ഷേത്രം,ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം,പഴഞ്ചിറ ദേവീക്ഷേത്രം തുടങ്ങി നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളിലും നിറപുത്തരി ചടങ്ങിൽ പങ്കെടുക്കാൻ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |