തിരുവനന്തപുരം: 'ആഗസ്റ്റ് 1ന് വീണ് കൈയൊടിഞ്ഞ ഇളയമകൻ അഭിഷേകിനെ വീഡിയോ കാളിലൂടെ കാട്ടിക്കൊടുത്തപ്പോൾ ചേട്ടൻ ഒരുപാട് കരഞ്ഞു, അതുകണ്ടപ്പോൾ മോനും ഒപ്പം കരഞ്ഞു. അത്രയ്‌ക്ക് സ്നേഹമായിരുന്നു ചേട്ടന് മക്കളോട്"... ഭർത്താവിനെക്കുറിച്ചുള്ള ഓർമ്മകളിൽ വിതുമ്പുകയാണ് രാജേഷിന്റെ ഭാര്യ ഷാഫിയ.
കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകൻ ആർ. രാജേഷ് അന്നാണ് ഭാര്യയോടും മകനോടും അവസാനമായി സംസാരിച്ചത്. പ്ലാസ്റ്ററിട്ട ശേഷം ആശുപത്രിയിൽ വച്ചാണ് രാജേഷിനെ ഫോണിൽ വിളിച്ചത്. അന്ന് വൈകിട്ട് 4ഓടെ രാജേഷ് അപകടത്തിൽപ്പെടുകയായിരുന്നു.
മക്കളായ ആർഷനും അഭിഷേകിനും രാജേഷിനെ ജീവനായിരുന്നു. ഒരിക്കൽ പോലും തങ്ങളെ അച്ഛൻ അടിച്ചിട്ടില്ലെന്ന് ഇരുവരും പറയുന്നു. പഠിക്കാൻ വേണ്ടി വല്ലാതെ നിർബന്ധിച്ചിട്ടില്ല. ഫുട്‌ബാളിലോ നീന്തലിലോ പ്രാവീണ്യം കാട്ടണമെന്നായിരുന്നു ഇവരോട് രാജേഷ് പറഞ്ഞിരുന്നത്. വീടിന് സമീപത്തെ കുളത്തിൽ കൊണ്ടുപോയി മൂത്തമകൻ ആർഷനെ നീന്തൽ പഠിപ്പിച്ചു. പലവട്ടം ഒപ്പം നീന്തി. ആമ്പൽ പൂക്കൾ നിറഞ്ഞ കുളത്തിൽ ഒരിക്കൽ താൻ ഒറ്റയ്‌ക്ക് പോയി നീന്തിയതറിഞ്ഞപ്പോൾ മാത്രമാണ് വഴക്ക് പറഞ്ഞതെന്നും ആമ്പൽ വള്ളികളിൽ ചുറ്റിയാൽ അപകടമാകുമെന്ന് പറഞ്ഞപ്പോഴാണ് വഴക്കുപറഞ്ഞതിന്റെ കാര്യം മനസിലായതെന്നും ആർഷൻ പറയുന്നു.
തന്നെ അച്ഛനായി കാണേണ്ടെന്നും സുഹൃത്തായി കണ്ടാൽ മതിയെന്നും രാജേഷ് പറഞ്ഞ കാര്യം ഓർത്തെടുത്തപ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു രാജേഷും ഷാഫിയയും പരിചയപ്പെടുന്നത്. പാലക്കാട് സ്വദേശിയായ ഷാഫിയ, കൊച്ചുമ്മയുടെ വീടായ ആറ്റിങ്ങലിൽ താമസിച്ച് ആശുപത്രിയിൽ താത്കാലിക ജോലിക്കെത്തിയപ്പോഴാണ് ഡ്രൈവറായ രാജേഷിനെ പരിചയപ്പെടുന്നത്. പിന്നീട് ഷാഫിയയെ രാജേഷ് ഒപ്പം കൂട്ടുകയായിരുന്നു.
മൂന്ന് സെന്റ് മാത്രമുള്ള കുടുംബ വീട്ടിലാണ് അച്ഛനും അമ്മയ്‌ക്കും സഹോദരനും സഹോദരിക്കുമൊപ്പം രാജേഷും കുടുംബവും താമസിച്ചത്. പിന്നീട് സമീപത്തുള്ള മൂന്ന് സെന്റ് സ്ഥലത്ത് പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭിച്ചു. കടം വാങ്ങിയ തുക ഉൾപ്പടെ ചേർത്ത് മേൽക്കൂര കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തുടർന്നുള്ള പണി നടത്താൻ കഴിയാതെ സാമ്പത്തികമായി ബുദ്ധിമുട്ടി. വീടുപണി പൂർത്തിയാക്കി അവിടേക്ക് താമസം മാറണമെന്നതായിരുന്നു രാജേഷിന്റെ ആഗ്രഹം. എന്നാൽ എത്ര ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല. ആർഷനെ ഫുട്ബാൾ താരമാക്കണമെന്ന രാജേഷിന്റെ ആഗ്രഹം സാധിക്കാൻ കോച്ചിംഗ് അടക്കമുള്ള സഹായം നൽകാമെന്ന് വീട്ടിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജേഷിന്റെ ആഗ്രഹമായിരുന്ന വീട് പണി പൂർത്തീകരിക്കാൻ സർക്കാരും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |