തിരുവനന്തപുരം: നാടകത്തേയും കലയേയും ലഹരിയായി കണ്ടാൽ ഭാവിയിൽ തൂഫാന്റെ പണിയും ക്രമേണ കുറയുമെന്ന് എ.ഡി.ജി.പി പി.വിജയൻ. ടീം ആർട്‌സിന്റെ ആഭിമുഖ്യത്തിൽ കിഴക്കേകോട്ടയിലെ കാർത്തിക തിരുനാൾ തിയേറ്ററിൽ സംഘടിപ്പിച്ച 'അനുരാഗക്കടവിൽ' എന്ന നാടകാവതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനന്ദ് രാഘവ് രചനയും പി.കെ.സജിത്ത്,എം.ഗോപരാജ് മാധവൻ എന്നിവർ സംവിധാനവും നിർവഹിച്ച ജനപ്രിയ നാടകം 'അനുരാഗക്കടവിൽ' ചെന്നൈ,ബാംഗ്ലൂർ,കോഴിക്കോട്,കോയമ്പത്തൂർ,എറണാകുളം എന്നിവിടങ്ങളിലെ മികച്ച പ്രതികരണത്തിന് ശേഷമാണ് തലസ്ഥാനത്തെത്തിയത്. കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾക്കിടയിൽ നഷ്ടമാകുന്ന സ്നേഹത്തിന്റെയും കഥ പറഞ്ഞ നാടകം ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് അവതരിപ്പിച്ചത്.
നാടകത്തിന് മുന്നോടിയായി എ.വി.എ ഗ്രൂപ്പ് എം.ഡി എ.വി.അനൂപ് നിർമ്മിച്ച് സിനിമാ-സീരിയൽ താരം സീനത്ത് രചനയും സംവിധാനവും നിർവഹിച്ച 'അനന്തതയിലേക്ക്' എന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു. ലഹരിയുടെ പിടിയിലമർന്ന് കുടുംബത്തെ നശിപ്പിക്കാൻ ശ്രമിച്ച് സ്വയം നശിച്ച മകന്റെ ദൃശ്യാവിഷ്കരണം ശ്രദ്ധേയമായി. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ,ഹൈക്കോടതി മുൻ ജസ്റ്റിസ്സ് എം.ആർ.ഹരിഹരൻ,സൂര്യ കൃഷ്ണമൂർത്തി,നടന്മാരായ ദിനേശ് പണിക്കർ,കൊല്ലം തുളസി ഉൾപ്പടെയുള്ളവർ നാടകം കാണാനെത്തിയിരുന്നു. പ്രേക്ഷകരുടെ പിന്തുണയ്ക്കും പങ്കാളിത്തത്തിനും ടീം ആർട്ട് ഭാരവാഹികളായ ഡോ.എ.വി.അനൂപ്(ചെയർമാൻ),കെ.പി.എ.ലത്തീഫ് (പ്രസിഡന്റ്),എം.എൻ.ബിനുകുമാർ(ജനറൽ സെക്രട്ടറി),എം.സി.വിനോദ് കുമാർ(ട്രഷറർ) എന്നിവർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |