തിരുവനന്തപുരം: നഗരസഭാ പരിധിയിലെ വഴിയോര കച്ചവടക്കാരിൽ ലൈസൻസ് ഉള്ളവരുടെയും ഇല്ലാത്തവരുടെയും പട്ടികയുണ്ടാക്കി അവരെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടിയാരംഭിക്കുമെന്ന് നഗരസഭാധികൃതർ. ഓരോ വാർഡുകളിൽ ലൈസൻസ് ഉള്ളവർക്ക് മുൻഗണനാ ക്രമത്തിൽ കേന്ദ്രമനുവദിച്ചേക്കും. ഒറ്റയടിക്ക് തെരുവോര കച്ചവടക്കാർക്കെതിരെ നടപടി സാദ്ധ്യമാകില്ലായെന്ന് മനസിലാക്കിയതോടെയാണ് പുതിയ നീക്കം. ദ്രുതഗതിയിൽ തീരുമാനമെടുത്ത് അപ്രീതി നേടരുതെന്ന് ബി.ജെ.പി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനധികൃതമായി യാത്രാ തടസമുണ്ടാക്കി കച്ചവടം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഭാവിയിൽ സ്വീകരിക്കും. സ്‌കൂൾ, കോളേജ്, ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് മുന്നിൽ, തിരക്കുള്ള വ്യാപാര കേന്ദ്രങ്ങൾക്കും വൻകിട വ്യാപാര സ്ഥാപനങ്ങൾക്കും സമീപം എന്നിങ്ങനെ പ്രവർത്തിക്കുന്ന അനധികൃത തെരുവോരകച്ചവടക്കാർക്ക് എതിരെയാകും ആദ്യ ഘട്ടത്തിൽ നടപടി. അനാരോഗ്യപരമായ ഭക്ഷണം റോഡരികിൽ വിൽക്കുന്നത് പരിശോധിക്കാൻ ഓണക്കാലത്ത് പ്രത്യേക സ്‌ക്വാഡിന് രൂപം നൽകും. കഴിഞ്ഞമാസം പാളയം യൂണിവേഴ്സിറ്റി കോളേജിന് മുൻവശത്തുള്ള ഫുട്പാത്ത് കൈയ്യേറി അനധികൃതമായി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |