SignIn
Kerala Kaumudi Online
Thursday, 20 August 2026 7.38 AM IST

പേട്ട പൊലീസ് സ്റ്റേഷൻ പരിസരത്തെ തൊണ്ടി വാഹനങ്ങൾ മാറ്റിത്തുടങ്ങി

aa

തിരുവനന്തപുരം: ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ പേട്ട പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന തൊണ്ടി വാഹനങ്ങൾ മാറ്റിത്തുടങ്ങി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കിയത്. ഇതോടെ സ്റ്റേഷൻ പരിസരത്തെ സ്ഥലപരിമിതിക്കും പരിഹാരമായി.

ഇതുകൂടാതെ സമീപത്തുണ്ടായിരുന്ന ടോയ്ലെറ്റുകൾ നവീകരിക്കുകയും സ്റ്റേഷനിലെത്തുന്നവർക്കായി തുറന്ന് കൊടുക്കുകയും ചെയ്‌തു.

കോമ്പൗണ്ടിൽ സ്ഥല സൗകര്യം കുറഞ്ഞതോടെ പേട്ടയിൽ നിന്ന് പാറ്റൂരിലേക്ക് പോകുന്ന റോഡിന് വശത്താണ് പിടികൂടിയ വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവ പൂർണമായും മാറ്റിയതോടെ യാത്രയും സുഗമമായി. ഇവിടെ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് ചൂണ്ടിക്കാട്ടി ജൂൺ 12ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു നടപടി.

ഇപ്പോൾ ഉപയോഗശൂന്യമായ മറ്റ് വാഹനങ്ങളും തുരുമ്പ് കയറിയ വാഹനഭാഗങ്ങളും മെഡിക്കൽ കോളേജിലേക്ക് പോകുന്ന പള്ളിമുക്ക് ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പിനോട് ചേർന്നാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ സമീപദിവസങ്ങളിൽ നീക്കം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

വാഹനങ്ങൾ വിട്ടുനൽകി

വിവിധ കേസുകളിലായി പിടികൂടിയ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ തുടങ്ങിയ വാഹനങ്ങളാണ് കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തത്. ഇതിൽ പകുതിയോളം വാഹനങ്ങൾ കേസുകൾ തീർത്ത് ഉടമകൾക്ക് തന്നെ തിരിച്ചുനൽകി. ബാക്കിയുള്ളവ നശിച്ച അവസ്ഥയിലാണ്. അതിന്റെ ഉടമകൾക്ക് കോടതി വഴി നേരിട്ട് സമൻസ്സുകൾ കൈമാറും. അവരുടെ സമ്മതത്തോടെ മോട്ടോർ വെഹിക്കിൾ വകുപ്പ് കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ എസ്റ്റിമേറ്റ് കണക്കെടുത്ത് ലേലത്തിനുള്ള നടപടികൾ ആരംഭിക്കും.

നീണ്ടുപോകുന്ന കേസുകൾ

പല കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങളായതിനാൽ കോടതി വഴി മാത്രമേ ഉടമകൾക്ക് തിരിച്ച് നൽകാൻ കഴിയൂ. എന്നാൽ കേസുകളുടെയും തുടർ നടപടികളുടെയും മെല്ലെപ്പോക്ക് കാരണം ഇവ സ്റ്റേഷനിൽത്തന്നെ കെട്ടിക്കിടന്ന് തുരുമ്പ് കയറുകയാണ്. ഇത് ഉടമകൾക്ക് വൻ സാമ്പത്തിക ബാദ്ധ്യതയ്ക്കും കാരണമാകുന്നുണ്ട്. അതിനാൽ ഇത്തരം വാഹനങ്ങൾ തിരിച്ചെടുക്കാതെ ഉടമകൾ ഉപേക്ഷിക്കുന്നതും പതിവാണ്.

സ്റ്റേഷൻപരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് തൊണ്ടി വാഹനങ്ങൾ മാറ്റുന്നത്.

തീർപ്പായ കേസുകളിലെ വാഹനങ്ങൾ കോടതി നടപടികളിലൂടെ ഉടമകൾക്ക് കൈമാറിയിട്ടുണ്ട്. മറ്റുള്ളവ ഉടൻ നീക്കും.""

ഫയാസ്.ആർ

പേട്ട എസ്.എച്ച്.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL