
കഴക്കൂട്ടം: കഴക്കൂട്ടത്തും പരിസരപ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്‌ത്തി തെരുവുനായുടെ ആക്രമണം. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായയുടെ കടിയേറ്റ് രണ്ട് പൊലീസുകാർ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തോടെ കഴക്കൂട്ടം മഹാദേവർ ക്ഷേത്ര ജംഗ്ഷനിലാണ് തെരുവ് നായ ആക്രമണത്തിന്റെ തുടക്കം. വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്തശേഷം കടിക്കുകയായിരുന്നു. തുടർന്ന് അമ്പലത്തിൻകരയിലേക്കും പൊലീസ് സ്റ്റേഷൻ പരിസരത്തേക്കും നീങ്ങിയ നായ ആക്രമണം
നടത്തുകയായിരുന്നു. പരിക്കേറ്റ കഴക്കൂട്ടം സ്വദേശികളായ ബിസ്മി(19),അഷ്റഫ്(43),ലക്ഷ്മണൻ(72) എന്നിവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും ജിഷിതയെ (35) പാങ്ങപ്പാറ ഫാമിലി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
വൈകിട്ട് അഞ്ചോടെയാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥരായ ജാഫർ,അനന്ദു എന്നിവരെ കടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് നേരെയും ആക്രമണമുണ്ടായെങ്കിലും പെട്ടെന്ന് കാറിൽ കയറി ഡോർ അച്ചതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് നഗരസഭയുടെ ഡോഗ് കാച്ചിംഗ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തുണ്ടായിരുന്ന മറ്റ് ചില നായ്ക്കളെ പിടികൂടിയെങ്കിലും അക്രമകാരിയായ നായ രക്ഷപ്പെടുകയായിരുന്നു.
പാങ്ങപ്പാറ,കാര്യവട്ടം,കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ അടിഭാഗം എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. സ്കൂൾ കുട്ടികളും വൃദ്ധർക്കുമാണ് കൂടുതലായി കടിയേൽക്കുന്നത്. കഴിഞ്ഞയാഴ്ച സൈനിക സ്കൂൾ ക്യാമ്പസിൽ വച്ച് മൂന്ന് വിദ്യാർത്ഥികൾക്കും പൊലീസ് സ്റ്റേഷന് സമീപം ബൈക്ക് യാത്രക്കാരായ രണ്ടുപേർ ഉൾപ്പെടെ നാലുപേർക്കും കടിയേറ്റിരുന്നു. തെരുവുനായ്ക്കളെ ഭയന്നോടുന്ന കുട്ടികൾ വീണ് പരിക്കേൽക്കുന്നതും പതിവാണ്. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് കോർപ്പറേഷൻ ഉറപ്പുനൽകുന്നുണ്ടെങ്കിലും കഴക്കൂട്ടം മേഖലയെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അപകടകാരികളായ നായ്ക്കളെ ഉടൻ പിടികൂടി പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |