SignIn
Kerala Kaumudi Online
Saturday, 05 September 2026 4.01 AM IST

സിഗ്നൽ സംവിധാനമില്ല, അപകടക്കെണിയായി കൊടിനട ജംഗ്ഷൻ

general

ബാലരാമപുരം: കരമന-വഴിമുക്ക് ദേശീയപാതയിൽ കൊടിനടയിൽ സിഗ്നൽ സംവിധാനമില്ലാത്തതിനാൽ അപകടം പതിവാകുന്നതായി പരാതി. ഹൈവേ റോഡും ഉപറോഡുകളുമുൾപ്പെടെ നാല് റോഡുകൾ സംഗമിക്കുന്നതാണ് കൊടിനട ജംഗ്ഷൻ. രാവിലെ 9മുതൽ 11വരെയും വൈകിട്ട് 5മുതൽ 7വരെയുള്ള പീക്ക് അവറുകളിൽ ഗതാഗതക്കുരുക്ക് കാരണം കൊടിനട ജംഗ്ഷൻ ശ്വാസം മുട്ടുകയാണ്. കൊടിനട വടക്കേവിള ഭാഗത്ത് നിന്നും ഹൈവേയിൽ നിന്നും യൂ ടേൺ കടക്കുമ്പോൾ വാഹനങ്ങൾ കൂട്ടിയിടിക്കാറുണ്ട്. കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും അപകടത്തിനിടയാക്കുന്നുണ്ട്. സിഗ്നൽ സംവിധാനം സ്ഥാപിക്കുകയാണെങ്കിൽ മിനിട്ടുകളുടെ ഇടവേളകളിൽ എതിർദിശയിൽ നിന്നും വാഹനങ്ങൾക്ക് യഥേഷ്ടം റോഡ് മുറിച്ച് കടക്കാനാകും.

ഹോം ഗാർഡിനെ നിയമിക്കണമെന്ന്

ഹൈവേയിൽ നിന്നും ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ ഉപറോഡുകളിൽ നിന്നുമെത്തുന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കാറുണ്ട്. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് കൊടിനടയിലുണ്ടാകുന്നത്. പീക്ക് അവറുകളിൽ ഹോംഗാർഡുകളെയോ പൊലീസിനെയോ ഡ്യൂട്ടിക്ക് നിയോഗിച്ച് അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിയമങ്ങൾ പാലിക്കുന്നില്ല

റോഡിനിരുവശങ്ങളിലുമുള്ള അനധികൃതപാർക്കിംഗും ഗതാഗതപ്രതിസന്ധിയുടെ ആക്കംകൂട്ടുകയാണ്. സിഗ്നൽ സംവിധാനമില്ലാത്ത ജംഗ്ഷനുകളിൽ അപകടസൂചനാ ബോർഡുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും നിയന്ത്രണമില്ലാത്ത സിഗ്നൽ പോയിന്റുകളിൽ വലതുവശത്തുകൂടി വരുന്ന വാഹനങ്ങൾ ആദ്യം കടത്തിവിടണമെന്നുമാണ് ട്രാഫിക് നിയമം അനുശാസിക്കുന്നത്. കൊടിനടയിൽ ഇത്തരം നിയമങ്ങൾ കാറ്റിൽ പറത്തി തലങ്ങും വിലങ്ങുമാണ് വാഹനങ്ങൾ ചീറിപ്പായുന്നത്.

നെയ്യാറ്റിൻകര ഭാഗത്തു നിന്നും കൊടിനടയിൽ നിരവധി വാഹനങ്ങൾ യൂടേണിടുക്കുമെങ്കിലും ഇൻ‌ഡിക്കേറ്റർ സംവിധാനം ഉപയോഗിക്കാറില്ല.

കേരള പൊലീസിന്റെ ശുഭയാത്ര പോലുള്ള വാട്ടസ്ആപ്പ് ജനമൈത്രി പൊലീസ് ഗ്രൂപ്പുകളിൽ അപകട സ്പോട്ടുകളെ കുറിച്ചേ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം.

പാത വികസനം വേഗത്തിലാക്കണം

ദേശീയപാത കൊടിനട-വഴിമുക്ക് വികസനം വേഗത്തിലാക്കി ഗതാഗത പ്രസിസന്ധിയും അപകടങ്ങളും ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൊടിനട-വഴിമുക്ക് വരെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം കൈമാറൽ ഏകദേശം പൂർത്തിയായിട്ടുണ്ട്. ബാലരാമപുരം ജംഗ്ഷൻ വികസനത്തിന്റെ രൂപരേഖകൂടി സാദ്ധ്യമായാൽ പാതവികസനം ഉടൻ തുടങ്ങുമെന്നാണ് ഹൈവേ ഉദ്യോഗസ്ഥർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL