
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് തണലൊരുക്കുകയെന്ന ദൗത്യത്തിലാണ് റിട്ട.അണ്ടർ സെക്രട്ടറി പേരൂർക്കട ദർശനനഗർ സ്വദേശി കെ.അനിൽ രാജ്. കാറിൽ മൺവെട്ടിയും നടീൽ ഉപകരണങ്ങളുമായെത്തി നഗരത്തിൽ നൂറുകണക്കിന് മരങ്ങളാണ് അനിൽരാജും കുടുംബവും നട്ടുപിടിപ്പിച്ചത്.
അതിൽ മാവും പ്ളാവും പുളിയുമടക്കം ഫലവൃക്ഷങ്ങളുമുണ്ട്. നാലുവർഷം മുമ്പ് സെക്രട്ടേറിയറ്റിൽ നട്ട രണ്ട് ആൽമരങ്ങളും ഒരു പ്ലാവും തണൽ വിരിച്ചുനിൽക്കുകയാണ് ഇപ്പോൾ. മക്കളായ കാശിനാഥും പവിത്രയും അച്ഛന്റെ പാത പിന്തുടരുന്നു. കുടപ്പനക്കുന്നിലെ 'പ്രകൃതി' എന്ന നേച്വർ ക്ളബിലൂടെ മരങ്ങൾ നട്ടുപിടിപ്പിച്ച് തുടങ്ങിയതാണ് ശീലം. കുടപ്പനക്കുന്ന് മുതൽ മടത്തുനട വരെയായിരുന്നു തുടക്കം.പിന്നീടത് ജീവിതത്തിന്റെ ഭാഗമായി.
അവധി ദിവസങ്ങളിൽ മക്കളുമൊത്ത് റോഡരികിൽ തൈകൾ നടും. 'ഇതിനെ നശിപ്പിക്കരുത്' എന്ന് അവിടെ എഴുതിവയ്ക്കും. മരങ്ങൾ വളരുമ്പോൾ മറ്റുള്ളവർക്ക് തണലാകും. അത് കാണുമ്പോൾ മനസിലുണ്ടാകുന്ന കുളിർമ്മയാണ് തന്റെ ലാഭമെന്ന് അനിൽ പറയുന്നു. പൊതുഭരണത്തിൽ ബിരുദാനന്തര ബിരുദം,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്ക് എൻജിനിയറിംഗിൽ ഡിപ്ളോമ,നിയമത്തിൽ ബിരുദം,ജേർണലിസത്തിൽ ഡിപ്ളോമ എന്നിവ നേടിയ ആളാണ് അനിൽ.
കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് ലൈബ്രേറിയനായ ചിത്ര.ബി.ആർ ആണ് ഭാര്യ. മകൻ കാശിനാഥ്.എ ഇടുക്കി തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിൽ അവസാന വർഷ എ.ബി.ബി.എസ് വിദ്യാർത്ഥിയാണ്. മകൾ പവിത്ര.സി.എ തിരുവനന്തപുരം മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ രണ്ടാം വർഷ ബി.ടെക്ക് വിദ്യാർത്ഥിയാണ്.
''പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും വേണ്ടത് നല്ല
മനസാണെന്നാണ് എന്റെ കാഴ്ചപ്പാട്''.
- അനിൽ രാജ്
സിനിമയിലും കമ്പം
സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട് അനിൽ. ഫാലിമി,വാഴ,വ്യസനസമേതം ബന്ധുമിത്രാദികൾ,സംഭവ വിവരണം,നാലരസംഘം, വത്സലക്ളബ്,അതിരടി,കൊല്ലം കോട്ടകമ്പനി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചു. നിയമപഠനകാലത്ത് നാടകങ്ങളിലും സജീവമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |