
വിതുര: പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. വിതുരപഞ്ചായത്തിലെ അഞ്ചിടങ്ങളിലാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്. ഇതിലൂടെ പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായി ഒഴുകിയിട്ടും അധികൃതർക്ക് അനക്കമില്ലെന്നാണ് പരാതി. പഞ്ചായത്തിൽ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടിയാൽ യഥാസമയം അവ നന്നാക്കാറില്ലെന്ന് വ്യാപാരികൾ പറയുന്നു.
പൊൻമുടി നെടുമങ്ങാട് തിരുവനന്തപുരം സംസ്ഥാനപാതയിൽ തിരക്കേറിയ വിതുര കലുങ്ക് ജംഗ്ഷനിൽ മാത്രം രണ്ടിടങ്ങളിൽ പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. മാത്രമല്ല പൈപ്പ് പൊട്ടി ഒഴുകുന്നത് മൂലം ഉയർന്നപ്രദേശങ്ങളിൽ ശുദ്ധജലവിതരണം തടസപ്പെടുന്നതായും പരാതിയുണ്ട്.
കടുത്ത ചൂടും
കടുത്ത വേനൽച്ചൂടിനെ തുടർന്ന് നദികളിലെ ജലനിരപ്പും അനുദിനം താഴുകയാണ്. ഗ്രാമങ്ങൾ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലുമായി. പൈപ്പ് പൊട്ടിയൊഴുകുന്ന വിവരം ജലവകുപ്പ് മേധാവികളെ അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്ന വിവരം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് നടപടികൾ സ്വീകരിക്കുമെന്ന് ജലവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വിതുര പഞ്ചായത്തിൽ പൊട്ടിയ പൈപ്പുകൾ അടിയന്തരമായി നന്നാക്കണം. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കണം, കുടിവെള്ളവിതരണം സുഗമമാക്കണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇ.എം.നസീർ കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |