SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

നെടുമങ്ങാട്ടെത്തിയാൽ രാത്രി യാത്രക്കാർക്ക് ആശ്രയം 'മൊബൈൽ വെളിച്ചം"

photo

നോക്കുകുത്തിയായി ഒരു ഡസനോളം ഹൈമാസ്റ്റ് ലൈറ്റുകൾ

‎ നെടുമങ്ങാട്: റവന്യു ഡിവിഷൻ ആസ്ഥാനമായ നെടുമങ്ങാട് നഗരം സന്ധ്യപിന്നിട്ടാൽ പൂർണ അന്ധകാരത്തിൽ. സാമൂഹ്യവിരുദ്ധസംഘങ്ങളെയും തെരുവുനായ്ക്കളെയും പേടിച്ച് 'മൊബൈൽ ഫോൺ വെളിച്ചത്തിൽ' സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകി ബസ് സ്റ്റാൻഡിലെത്തുന്ന സ്ത്രീ യാത്രികരുടെ അഭയമാണ് മൊബൈൽ വെളിച്ചം.

കച്ചേരിനടയിലും ചന്തമുക്കിലും ബസ് സ്റ്റാൻഡിലുമായി ഒരു ഡസനോളം ഹൈമാസ്റ്റ് ലൈറ്റുകൾ നോക്കുകുത്തിയായ അവസ്ഥയിലാണ്. രണ്ടു മാസത്തിലേറെയായി ഹൈമാസ്റ്റുകൾ കേടായിട്ട്. അറ്റകുറ്റപ്പണി നടത്തി ലൈറ്റുകൾ തെളിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന വ്യാപക പരാതി ഉയരുന്നുണ്ട്.

ദീർഘദൂര യാത്രക്കാരുൾപ്പടെ നൂറുകണക്കിനാളുകൾ രാത്രി വാഹനങ്ങൾ പിടിക്കാനെത്തുന്ന ബസ് സ്റ്റാൻഡിൽ കടകളിലെ വെളിച്ചമാണ് ആശ്രയം. കടയടച്ചാൽ യാത്രക്കാർ കൂരിരുട്ടിലാകും.പ്രവേശന കവാടം മുതൽ നടവഴിയെല്ലാം ഇരുളടഞ്ഞു.ലക്ഷങ്ങൾ ചെലവഴിച്ച് ബസ് സ്റ്റാൻഡിലും ജില്ലാശുപത്രി വളപ്പിലും അടുത്തിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും കാഴ്ചവസ്തുവാണ്.

വാളിക്കോടു നിന്നും അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ വൈദ്യുതത്തൂണുകളിൽ സ്ഥാപിച്ച തെരുവുവിളക്കുകളും കത്തുന്നില്ല. ബസ് സ്റ്റാൻഡ് മുതൽ ജില്ലാശുപത്രിവരെയും കച്ചേരി ജംഗ്‌ഷൻ മുതൽ പഴകുറ്റി വരെയുമുള്ള തെരുവുവിളക്കുകളിൽ ഒന്നുപോലും കത്തുന്നില്ല.

പ്രധാനറോഡുകളും ഇരുട്ടിൽ

കുളവിക്കോണം-ചന്തമുക്ക്-ജില്ലാശുപത്രി പ്രധാനറോഡും പഴകുറ്റി-മുക്കോല റിംഗ് റോഡും ഇരുട്ടിലാണ്.പ്രഭാത സവാരിക്കാരും പത്രവിതരണക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മദ്യപസംഘങ്ങളുടേയും മോഷ്ടാക്കളുടേയും കേന്ദ്രമായി മാറുകയാണ് നഗരപ്രദേശം.ഓണാഘോഷ ദിനങ്ങളിലും ബലിതർപ്പണ ദിവസവും ജനങ്ങൾ നന്നേ വലഞ്ഞു.പരാതികളും പ്രതിഷേധവും പെരുകിയിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ലെന്നാണ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL