തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയിൽ നഗരത്തിലെ മൂന്ന് മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ വ്യാപക പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പ്.
പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ,ഉത്പന്നങ്ങളുടെ തൂക്കം,വിലവിവര പട്ടിക,ഉപയോഗിക്കുന്ന ത്രാസിന്റെ കൃത്യത തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. ലീഗൽ മെട്രോളജി വകുപ്പിന്റെ അധികാരപരിധിയിലുള്ള അളവ്,തൂക്കം തുടങ്ങിയ കാര്യങ്ങളിലാണ് പരിശോധന കേന്ദ്രീകരിച്ചത്. നിയമലംഘനങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഡെപ്യൂട്ടി കൺട്രോളർ എം.എസ്.സന്തോഷ് പറഞ്ഞു.
തിയേറ്ററുകളിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന പാക്കറ്റ് ഉത്പന്നങ്ങളിലാണ് ആദ്യം പരിശോധന നടത്തിയത്. പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന തൂക്കം പരിശോധിച്ചതിൽ ക്രമക്കേടുകൾ കണ്ടെത്തിയില്ലെന്ന് അധികൃതർ പറഞ്ഞു. പാക്കറ്റിലല്ലാതെ തൂക്കത്തിൽ വിൽക്കുന്ന പോപ്‌കോണിലും പരിശോധന നടത്തി. ഉപഭോക്താക്കൾ വാങ്ങിയ ഉത്പന്നങ്ങളിൽ നിന്ന് സാമ്പിളെടുത്താണ് തൂക്കം പരിശോധിച്ചത്. തിയേറ്ററിൽ ഉപയോഗിച്ചിരുന്ന ത്രാസും ലീഗൽ മെട്രോളജി വകുപ്പ് നേരത്തെ പരിശോധിച്ച് കൃത്യത ഉറപ്പാക്കിയതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 100 രൂപ എം.ആർ.പി രേഖപ്പെടുത്തിയിരുന്നെങ്കിലും തിയേറ്ററിൽ 90 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നതെന്ന് കണ്ടെത്തി. എം.ആർ.പിയേക്കാൾ അധികം വില ഈടാക്കിയിട്ടില്ലാത്തതിനാൽ ലീഗൽ മെട്രോളജി നിയമപ്രകാരം നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടായില്ല. എം.ആർ.പി നിശ്ചയിക്കുന്നത് ലീഗൽ മെട്രോളജി വകുപ്പിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം പാക്കറ്റ് ചെയ്യാതെ തൂക്കത്തിന്റെ അടിസ്ഥാനത്തിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ കാര്യത്തിൽ തിയേറ്ററുകൾക്ക് വില നിശ്ചയിക്കാം. എന്നാൽ നിശ്ചയിച്ച വില ഉപഭോക്താക്കൾക്ക് വ്യക്തമായി കാണുന്ന തരത്തിൽ വിലവിവര പട്ടികയായി പ്രദർശിപ്പിക്കണമെന്നും അധികൃതർ പറഞ്ഞു.
തിയേറ്ററുകളിൽ ഇത്തരം പരിശോധനകൾ തുടർന്നും നടത്തുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. ഡെപ്യൂട്ടി കൺട്രോളർ എം.എസ്. സന്തോഷ്,ഡെപ്യൂട്ടി കൺട്രോളർ ഫ്ലൈയിംഗ് സ്ക്വാഡ് പി.എസ്.പ്രദീപ്,അസിസ്റ്റന്റ് കൺട്രോളർ വി.എൽ.അനിൽ കുമാർ,ഇൻസ്‌പെക്ടർമാരായ എ.കെ.സജീബ്,ഹരികുമാർ,ആർ.ഹരി കൃഷ്ണൻ,ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് കെ.റിജു,ബി.എസ്.വിക്രമൻ നായർ,താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
എം.ആർ.പിയേക്കാൾ കൂടുതൽ വില ഈടാക്കുന്നുണ്ടോ,നൽകിയിരിക്കുന്ന അളവിനേക്കാൾ കുറവാണോ നൽകുന്നത് തുടങ്ങിയ കാര്യങ്ങളാണ് അധികാരപരിധിയിൽ പരിശോധിക്കാനാകുന്നത്. തിയേറ്ററുകളിൽ ഇത്തരം പരിശോധനകൾ തുടരും.
എം.എസ്.സന്തോഷ്,ഡെപ്യൂട്ടി കൺട്രോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |