
പാലോട്: ദിനംപ്രതി നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന പാലോട് സർക്കാർ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ ആശുപത്രിക്കാണ് ഈ ദുർഗതി. കിടത്തി ചികിത്സിച്ചിരുന്ന രോഗികൾക്ക് മരുന്നുകൾക്കുൾപ്പെടെ ഇൻഷ്വറൻസ് പരിരക്ഷയുണ്ടായിരുന്നത് ഏറക്കുറെ നിലച്ചമട്ടാണ്.
ആശാവർക്കർമാരുടെ സഹകരണത്തോടെ നടപ്പിലാക്കിയിരുന്ന ഒ.പി ടോക്കൻ സംവിധാനം ഈ ജോലിയിൽ നിന്നും ആശാവർക്കർമാരെ പിൻവലിച്ചതിനെ തുടർന്ന് അവതാളത്തിലായി.
പ്രവർത്തനങ്ങൾ പാതിവഴിയിൽ
മലയോര മേഖലയിലെ പെരുകുന്ന ആത്മഹത്യയുടെ പ്രധാന കാരണമായി കണ്ടെത്തിയത് ലഹരിയായിരുന്നു. ഇതിന് പരിഹാരമെന്നോണം 38ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡി അഡിക്ഷൻ യൂണിറ്റും നാളിതുവരെ പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല.
വർഷങ്ങൾക്ക് മുൻപ് രണ്ട് കോടി ചെലവിൽ കിഫ്ബി മുഖേന ആരംഭിച്ച ഐസലേഷൻ വാർഡ് നിർമ്മാണം ഒന്നുമാകാതെ പ്രതിസന്ധിയിലാണ്.
15വർഷങ്ങൾക്ക് മുൻപ് എം.പി ഫണ്ടുപയോഗിച്ച് നിർമ്മിച്ച പ്രസവ വാർഡ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. മാത്രമല്ല വർഷങ്ങളോളം അടച്ചിട്ടിരുന്നതിന് ശേഷം പബ്ലിക് ഹെൽത്ത് വിംഗ് ഓഫീസായി ഇവിടം മാറ്റി.
പീഡിയാട്രിക് വിഭാഗ നവീകരണത്തിനായി 50ലക്ഷംരൂപ അനുവദിച്ചെങ്കിലും ഒന്നുമായില്ല.
ഇഴജന്തുക്കളും
മാസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്ന മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് ആശുപത്രി കെട്ടിടത്തിന്റെ ഷീറ്റുകളും ഇടനാഴിയുടെ ഷീറ്റുകളും കെട്ടിടങ്ങൾക്കും കേടുപറ്റിയെങ്കിലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് അന്ന് മരം മുറിച്ചു മാറ്റിയത്.ഇതിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നതെന്ന് ആരോപണമുയർന്നിരുന്നു.അന്ന് മുറിച്ചുമാറ്റിയ മരങ്ങളുടെ ഭാഗങ്ങൾ ആശുപത്രിയുടെ പരിസരങ്ങളിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നതിനാൽ ഇവിടം ഇഴജന്തുക്കളുടെ വാസസ്ഥാനമായിട്ടുണ്ട്.
ഗ്രാമീണമേഖലയിലെ നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകൾ പൂർണ്ണമായും പനവൂർ,പാങ്ങോട്,വിതുര പഞ്ചായത്തുകളിലെ ആളുകൾ ഭാഗികമായും ആശ്രയിക്കുന്ന ആശുപത്രിയാണ് പാലോട്ടേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |