SignIn
Kerala Kaumudi Online
Thursday, 10 September 2026 1.12 PM IST

ബ്രിട്ടീഷ് കടത്ത്: നടത്തിപ്പ് ക്ഷേത്രത്തിന് 

photo
ബ്രിട്ടിഷ് കടത്ത് പള്ളിപ്പുറം ഭാഗം

വൈപ്പിൻ: ബ്രിട്ടീഷ് കടത്ത് എന്നാണ് പേര്. സർവീസ് നടത്തുന്നതാകട്ടെ സമീപത്തെ ക്ഷേത്രവും. കൊച്ചി കോട്ടപ്പുറം കായലിൽ പള്ളിപ്പുറം - കുഞ്ഞിത്തൈ തീരങ്ങളെ ബന്ധിപ്പിക്കുന്ന ബ്രിട്ടീഷ് കടത്ത് ഇന്നും ജനകീയ യാത്രാമാർഗമായി തുടരുന്നു. സ്വതന്ത്ര ഇന്ത്യയ്ക്ക് മുമ്പ് കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായ പള്ളിപ്പുറത്തെയും തിരുവിതാംകൂറിലെ കുഞ്ഞിത്തൈയെയും ബന്ധിപ്പിക്കാൻ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയതാണ് ഈ കടത്ത്. അതിനാലാണ് ബ്രിട്ടീഷ് കടത്തെന്ന പേര് വന്നതും. നിലവിൽ വടക്കേക്കര പഞ്ചായത്തിന് കീഴിലുള്ള ഈ കടത്തിൽ കുഞ്ഞിത്തൈ ശ്രീചിത്തിര വാലസമാജവും ബാലസുബ്രഹ്മണ്യ ക്ഷേത്രക്ഷേമ സമാജവുമാണ് ബോട്ട് സർവീസ് നടത്തുന്നത്.

പോർട്ടുഗീസ്, ഡച്ച്, ബ്രിട്ടീഷ് ഭരണകാലഘട്ടങ്ങളിൽ തന്ത്രപ്രധാന കേന്ദ്രമായിരുന്ന പള്ളിപ്പുറത്തെ സർക്കാർ ആശുപത്രി, വിദ്യാലയങ്ങൾ, അങ്ങാടി, പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് എന്നിവയെ ആശ്രയിക്കുന്ന കുഞ്ഞിത്തൈ നിവാസികൾക്ക് ഈ കടത്ത് അത്യന്താപേക്ഷിതമാണ്. പോർട്ടുഗീസുകാർ സ്ഥാപിച്ച വൈപ്പികോട്ട സെമിനാരിയുടെ മുന്നിലാണ് കടവ്. സെമിനാരി ഡച്ചുകാരുടെ കാലത്ത് കുഷ്ഠരോഗാശുപത്രിയായും ബ്രിട്ടീഷുകാരുടെ കാലത്ത് കന്യാസ്ത്രീ മഠവുമായി മാറി. ഇപ്പോൾ ലിറ്റിൽഫ്ലവർ കോൺവെന്റും സ്കൂളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. പള്ളിപ്പുറം കോട്ട, മഞ്ഞുമാതാ പള്ളി എന്നിവയ്ക്ക് അര കിലോമീറ്റർ തെക്കുമാറിയാണ് ഇതിന്റെ സ്ഥാനം.

സുരക്ഷിതമല്ലാത്ത വഞ്ചികൾക്ക് പകരമായി നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ബോട്ട് സർവീസ് ആരംഭിച്ചത്. സ്കൂൾ വിദ്യാർത്ഥികൾ, വൈപ്പിൻ മേഖലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, മുനമ്പത്തെ മത്സ്യബന്ധന തൊഴിലാളികൾ തുടങ്ങി കുഞ്ഞിത്തൈ, പടിഞ്ഞാറ് മടപ്ലാതുരുത്ത് ഭാഗത്തുള്ളവർ ആശ്രയിക്കുന്നത് ഈ ബോട്ട് സർവീസിനെയാണ്. ലാഭേച്ഛയില്ലാതെ പ്രദേശവാസികളുടെ സൗകര്യാർത്ഥമാണ് സർവീസ് നടത്തുന്നതെന്ന് സമാജം പ്രസിഡന്റ് വി.ആർ. സുനിൽകുമാർ, സെക്രട്ടറി വി.ബി. വിദ്യാധരൻ, ക്ഷേമസംഘം പ്രസിഡന്റ് കെ.എസ്. ബാലകൃഷ്ണൻ, സെക്രട്ടറി എ.ഡി. സിനോജ് എന്നിവർ പറഞ്ഞു.

രാവിലെ 6 മുതൽ രാത്രി 9 വരെയാണ് സർവീസ് സമയം. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാണ്. യാത്രക്കാർക്ക് കുടിവെള്ളവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ക്ഷേത്രത്തോടുള്ള ആദരസൂചകമായി "ശ്രീ മയിൽവാഹനം" എന്നാണ് ബോട്ടിന് പേരിട്ടിരിക്കുന്നത്.

പട്ടി ശല്യവും പാമ്പ് ശല്യവും
പള്ളിപ്പുറം ഭാഗത്തെ ജെട്ടിയിൽ പട്ടികളുടെ ശല്യം രൂക്ഷമാണ്. വഴിവിളക്ക് ഇല്ലാത്തതിനാൽ രാത്രിയിൽ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. വഴിവിളക്ക് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. കുഞ്ഞിത്തൈ ജെട്ടിയിൽ പാമ്പ് ശല്യവും ഉണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL