
കല്ലമ്പലം: തിരുവോണ നാളിൽ മുത്താനയിൽ നടന്ന കൊലപാതകത്തിൽ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മുത്താന ചരുവിള വീട്ടിൽ പ്രജിയാണ് (35) മുൻ വൈരാഗ്യത്തെ തുടർന്നുള്ള തർക്കത്തിനിടയിൽ കുത്തേറ്റ് മരിച്ചത്. മുഖ്യ പ്രതികളായ മുത്താന സ്വദേശികളായ ഗൗരികൃഷ്‌ണൻ (19),അമ്പാടി (20) എന്നിവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് തെളിവെടുപ്പിനായി എത്തിച്ചത്. വർക്കല ഡി.വൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് വലയത്തിലായിരുന്നു തെളിവെടുപ്പ്.കൗമാരക്കാരായ പ്രതികൾ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കൊലപാതകം നടത്തിയതിനെ കുറിച്ച് വിവരിച്ചു.പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികൾ തടിച്ചുകൂടിയിരുന്നു. മരിച്ച പ്രജിയുടെ ബന്ധുക്കൾ പ്രതികൾക്ക് നേരെ അലറിവിളിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന പ്രജി വിവാഹിതനും നാലും,രണ്ടും വയസുള്ള രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു.
സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തെക്കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |