
മലയിൻകീഴ്: ഗ്രാമീണ മേഖലകളിലെ ജൈവവൈവിദ്ധ്യ കലവറയായിരുന്ന പൊതുകുളങ്ങൾ പായലും വള്ളിപ്പടർപ്പുകളും പടർന്ന് പാർശ്വങ്ങൾ ഇടിഞ്ഞുവീണ് നാശോന്മുഖമാകുന്നു. ഒരു കാലത്ത് ഗ്രാമീണ ജനതയുടെ ദൈനംദിന ജീവിതചക്രത്തിന്റെ ഭാഗമായിരുന്ന കുളങ്ങളായിരുന്നു കൃഷിക്കും വീട്ടാവശ്യത്തിനുമുള്ള വെള്ളം പ്രദാനം ചെയ്തിരുന്നത്.
ഗ്രാമസഭകളിൽ പൊതുകുളം നവീകരിക്കാനും സംരക്ഷിക്കാനുമായി പദ്ധതികൾ തയാറാക്കുമെങ്കിലും
അത് പൂർത്തീകരിക്കാറില്ല. കുളങ്ങൾ സംരക്ഷിച്ചിരുന്നെങ്കിൽ വേനൽക്കാലത്ത് ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമത്തിന് അറുതിവരുമായിരുന്നു.
എരുത്താവൂർ പാപ്പാകോട് കുരിശോട്ടുകോണം,കണ്ടല പെരുംകുളവും വർഷങ്ങളായി ഉപയോഗ്യമല്ലാതെ കിടക്കുകയാണ്. കുളത്തിൽ മണ്ണ് മൂടിയതിനെ തുടർന്ന് ചിലർ കുളത്തിൽ വാഴ ക്യഷി
ആരംഭിച്ചിരുന്നു.പാഴ്ച്ചെടികൾ വളർന്നിറങ്ങി ഇഴജന്തുക്കളുടെ താവളമായിട്ടുണ്ട് ഈ കുളങ്ങൾ.
മുടന്തിക്കര പൊതുകുളം നശിക്കുന്നു
മാറനല്ലൂർ പഞ്ചായത്തിലെ ഓഫീസ് വാർഡിലുൾപ്പെട്ട മുടന്തിക്കര പൊതുകുളം ഉപയോഗയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു.മാറനല്ലൂർ പൊലീസ് സ്റ്റേഷന് സമീപത്തെ ഈ കുളം ഉൾപ്പെടെ ഒരേക്കറോളം സ്ഥലമുണ്ട്.
കണ്ടല ഇറയംകോട് കുളം അടുത്തിടെ ലക്ഷങ്ങൾ വിനിയോഗിച്ചെങ്കിലും ഉപകാരപ്പെട്ടില്ല.കാലങ്ങളായി മണ്ണ് മൂടി ഉപ യോഗമല്ലാതെയായ എരുത്താവൂർ കുരിശോട്ടുകോണം കുളം പൂർവസ്ഥിതിയിലാക്കാനും കഴിഞ്ഞിട്ടില്ല.
നാശോന്മുഖമായി ഇറയംകോട് കുളം
നേരത്തെ നേമം ബ്ലോക്ക് പഞ്ചായത്തിന്റെ 14.5ലക്ഷം രൂപ വിനിയോഗിച്ച് ഇറയംകോട് കുളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും കുളം ജനങ്ങൾക്ക് പ്രയോജനപ്പെടാതെ കിടക്കുകയാണ്. അശാസ്ത്രീയ നവീകരണമാണ് കുളം നശിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. തൂങ്ങാംപാറ,ഇറയംകോട് പ്രദേശങ്ങളിലുള്ളവർ മുൻകാലങ്ങളിൽ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും കൃഷിക്കും ഈ കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കുളം നവീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല.
കുളത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് കാട് വെട്ടി മാറ്റി നവീകരണം നടത്തിയാൽ മാത്രമേ കുളം പൂർവ സ്ഥിതിയിലാവുകയുള്ളു.
മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട ഓഫീസ് വാർഡിലെ ശാന്തുമൂല പൊതുകുളം അടുത്തിടെ ലക്ഷങ്ങൾ വിനിയോഗിച്ച് പഞ്ചായത്ത് നവീകരിച്ചെങ്കിലും ഉപയോഗയോഗ്യമായിട്ടില്ല.പഞ്ചായത്തുകളിലെ പൊതുകുളങ്ങൾ സംരക്ഷിച്ച് ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |