
പാലോട്: മലയോരഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും നിശ്ചലമായി. കഴിഞ്ഞ പത്ത് വർഷമായി റോഡ് നിർമ്മാണം ഇഴഞ്ഞാണ് നീങ്ങുന്നത്. നിലവിൽ കൊച്ചുകരിക്കകം പാലമുൾപ്പെടുന്ന ഒരു കിലോമീറ്റർ ദൂരമാണ് പ്രതിസന്ധിയിൽ. 2022ൽ പൂർത്തിയാക്കേണ്ട മലയോരഹൈവേ നിർമ്മാണം ഭൂമി വിട്ടുകിട്ടലും കോടതി നടപടികളും കാരണം സാരമായി ബാധിച്ചു. 2025 ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് കരാറുകാരന് മുൻ സർക്കാർ കർശനനിർദ്ദേശം നൽകിയിരുന്നു. ഡിസംബർ 31നുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി കരാർ കമ്പനിക്കെതിരെ കൈകൊള്ളുമെന്നും അറിയിച്ചിരുന്നു.
മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അഞ്ച് കിലോമീറ്ററിനുള്ളിലുള്ള സ്ഥലത്ത് നിശ്ചലമായിട്ട് വർഷം ഒന്നര കഴിഞ്ഞു. 2017ൽ ആരംഭിച്ചതാണ് മലയോര ഹൈവേയുടെ നിർമ്മാണം.
വാമനപുരം നിയോജക മണ്ഡലത്തിൽ 7.45 കിലോമീറ്ററും അരുവിക്കര മണ്ഡലത്തിൽ 2 കിലോമീറ്റർ സ്ട്രച്ചുമാണ് വികസിപ്പിക്കുന്നത്. 12മീറ്റർ വീതിയിൽ ഡിസൈൻഡ് റോഡായി വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. മലയോര ഹൈവേ നിർമ്മാണത്തിൽ നിലവിൽ 8കിലോമീറ്റർ ഡി.ബി.എം അടക്കം 70ശതമാനത്തോളം പ്രവൃത്തിയും പൂർത്തിയായി.
തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാര പടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം.
തിരുവനന്തപുരം ജില്ലയിൽ പാറശാല,വെള്ളറട,അമ്പൂരി,കള്ളിക്കാട്,ആര്യനാട്,വിതുര,പെരിങ്ങമ്മല, പാലോട്,മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോരഹൈവേ കടന്നുപോകുന്നത്.
സുരക്ഷിതമായ ഓടകൾ,ദിശാബോർഡുകൾ,സുരക്ഷാവേലികൾ എന്നിവ റോഡിനിരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കുമെന്ന പ്രഖ്യാപനവും നടന്നില്ല.
ഓട നിർമ്മാണത്തിൽ അശാസ്ത്രീയത
പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര കൊപ്പം വരെയാണ് നാലാം റീച്ചിൽ ഉൾപ്പെട്ടിട്ടുള്ളത്. പന്ത്രണ്ട് മീറ്റർ വീതിയിയിലാണ് റോഡ് നിർമ്മിക്കേണ്ടിയിരുന്നത്. ഒൻപത് മീറ്റർ റോഡും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഓടയും വരുന്ന രീതിയിലാണ് റോഡ് നിർമ്മാണം. പഴയ ഓട അതേപടി നിലനിറുത്തി റോഡിന്റെ ഉള്ളിൽ പുതിയത് പണിതെന്നും ഇതോടെ റോഡ് ചുരുങ്ങിയതായി നാട്ടുകാർ പരാതിപ്പെട്ടു. ചിറ്റൂർ പൊട്ടൻകുന്ന് മുതിയാൻകുഴി ഇക്ബാൽ കോളേജിന് മുൻവശത്തും ഇങ്ങനെയാണ്. നേരത്തെ പൊതുമരാമത്ത് വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥർ ഇരുവശങ്ങളിലെയും പുറമ്പോക്ക് ഭൂമി അളന്നുതിരിച്ച് കല്ലിട്ടിരുന്നു. പിന്നീട് കിഫ്ബി ഉദ്യോഗസ്ഥർ അളന്നു.
നിർമ്മാണം നിശ്ചലം
ഇക്ബാൽ കോളേജ് മുതൽ കൊച്ചുകരിക്കകം പാലം വരെയുള്ള ഇരുവശത്തും സ്ഥലം ഒരുപോലെ ഏറ്റെടുത്തിരുന്നു. ഇരുവശത്തേയും മതിലും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയാണ് റോഡ് നിർമ്മിച്ചത്. തെന്നൂർ ജംഗ്ഷനിൽനിൽ ഒരുവശത്തുള്ള കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചുവെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചലമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |