നെടുമങ്ങാട്: ആനാട് ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളോട് കെ.എസ്.ആർ.ടി.സിയുടെ ഇരട്ടത്താപ്പ്. വൈകിട്ട് വിദ്യാർത്ഥികളെ ബസുകളിൽ കയറ്റാൻ ജീവനക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി. വിതുര,പാലോട്,മടത്തറ ഉൾപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ആനാട് സ്‌കൂളിൽ പഠിക്കുന്നത്. ആനാട് ജംഗ്‌ഷനിൽ നിറുത്താതെ പോകുന്ന ബസുകളുടെ പിന്നാലെ കുട്ടികൾ ഓടുന്നത് ആശങ്കപ്പെടുത്തുന്നതാണ്.സ്റ്റോപ്പിൽ ഇറങ്ങാനുള്ള യാത്രക്കാരെ വിദ്യാർത്ഥികൾ കൂടിനിൽക്കുന്ന ജംഗ്‌ഷനിൽ നിന്ന് മാറി ഇറക്കിവിടുകയാണ് ബസ് ജീവനക്കാർ. ഈ ബസുകളിൽ ഓടിക്കയറാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളിൽ പലരും വീണ് പരിക്കേൽക്കുന്നുമുണ്ട്. സ്‌കൂൾ സമയത്ത് വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ ബസുകൾ ഓടിക്കണമെന്നാവശ്യപ്പെട്ട് രക്ഷാകർത്താക്കളും സ്‌കൂൾ അധികൃതരും ഗതാഗതമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ്.
ആനാട് ജംഗ്ഷനിൽ സംഘർഷം പതിവ്
ബസുകളിലെ തിരക്കൊഴിയാൻ 6മണിയെങ്കിലുമാകും.കിട്ടുന്ന ബസിൽക്കയറി വിതുര,പാലോട് ജംഗ്‌ഷനുകളിൽ ഇറങ്ങി സ്വകാര്യവാഹനങ്ങളെ ആശ്രയിച്ച് വേണം കുട്ടികൾ വീടുകളിലെത്താൻ. രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും നിരന്തര പരാതിയെ തുടർന്ന് സ്‌കൂളധികൃതർ നെടുമങ്ങാട്,വിതുര, പാലോട്,കുളത്തൂപ്പുഴ ഡിപ്പോകളുമായി പലവട്ടം ബന്ധപ്പെട്ടെങ്കിലും അനുകൂലമായൊന്നും നടന്നില്ല. തുടർന്ന് സ്‌കൂൾ ജീവനക്കാരും ആനാട് നിവാസികളും ചേർന്ന് ബസ് തടഞ്ഞ് കുട്ടികളെ കയറ്റാൻ ശ്രമിച്ചത് കഴിഞ്ഞദിവസം ആനാട് ജംഗ്ഷനിൽ സംഘർഷത്തിനും ഗതാഗത കുരുക്കിനും ഇടയാക്കി. പ്രകോപിതരായ കെ.എസ്.ആർ.ടി.സി ജീവനക്കാർ ബസ് മുന്നോട്ടെടുക്കാൻ തയ്യാറാകാത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |