
സാമൂഹ്യ വിരുദ്ധരുടെ താവളം
വെമ്പായം: ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖലയിൽപ്പെട്ട വെമ്പായം തമ്പുരാൻ - തമ്പുരാട്ടിപ്പാറ അവഗണനയിലായിട്ട് കാലമേറെയായി.മുൻപ് നിരവധി സഞ്ചാരികൾ എത്തിയിരുന്ന ഇവിടേയ്ക്ക് ഇപ്പോൾ ആരും വരാത്ത അവസ്ഥയാണ്.അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സാമൂഹ്യവിരുദ്ധരുടെ ശല്യവുമാണ് ഇതിന് പ്രധാന കാരണം.
റവന്യു വകുപ്പിന്റെ കീഴിലാണ് തമ്പുരാൻ തമ്പുരാട്ടി പാറ ഉൾപ്പെടെയുള്ള പ്രദേശം വരുന്നത്.മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ടൂറിസം കൗൺസിൽ തമ്പുരാൻ പാറയിൽ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.തുടർന്ന് ഇവിടേയ്ക്ക് എത്തുന്നതിന് പടിക്കെട്ടുകളും പാറകളിലേക്ക് കയറുന്നതിന് ഇരുമ്പ് കൈവരിയും തമ്പുരാട്ടി പാറയുടെ മുകളിലായി വ്യൂ പോയിന്റും ടോയ്‌ലെറ്റും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും പണികഴിപ്പിച്ചു.ഇവിടേയ്ക്ക് റോഡും നിർമ്മിച്ചു.അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതോടെ ഇവിടേക്ക് നിരവധിപ്പേരാണ് എത്തിയിരുന്നത്.
എന്നാൽ സെക്യൂരിറ്റി സേവനമില്ലാത്തതിനാൽ ക്രമേണ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായി.ഇതോടെ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.കുന്ന് കയറി ഇവിടേക്ക് എത്താനുള്ള ബുദ്ധിമുട്ട് കാരണം പൊലീസും വരാറില്ലെന്ന് നാട്ടുകാർ പറയുന്നു.
രാത്രികാലങ്ങളിൽ പോലും ഇവിടേക്ക് സാമൂഹ്യവിരുദ്ധർ എത്താറുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
കാണാനുണ്ട്
ചെങ്കുത്തായ കുന്ന് കടന്ന്,200 ഓളം പടികൾ കയറി ചെല്ലുമ്പോൾ കാഴ്ചയുടെ സ്വർഗം തന്നെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.തിരുമുറ്റംപ്പാറ മുത്തിപ്പാറ എന്നീ അംഗരക്ഷകന്മാരെയും തമ്പുരാട്ടിപ്പാറയും കടന്നുവേണം തമ്പുരാൻ പാറയിൽ എത്താൻ. പാറയുടെ മുകളിലായി ശിവക്ഷേത്രവും അതിന് മുകളിലായി ഇരുപതടിയോളം ഉയരമുള്ള ഗണപതി വിഗ്രഹവും സ്ഥിതി ചെയ്യുന്നു.പാറയ്ക്ക് മുകളിൽ എത്തിയാൽ മഞ്ഞും കാറ്റും നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ നോക്കിയാൽ തിരുവനന്തപുരം,കഴക്കൂട്ടം പ്രദേശങ്ങളും കടലും കാണാൻ സാധിക്കും.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്ററോളം ഉയരത്തിലാണ് തമ്പുരാൻ പാറ.പാറയ്ക്ക് മുകളിൽ കൊടുംവേനലിലും വറ്റാത്ത നീരുറവയാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. സാഹസിക വിനോദത്തിന് അനുയോജ്യമായ ഇവിടേയ്ക്ക് എൻ.സി.സിയുടെ ഭാഗമായി സ്കൂൾ,കോളേജുകളിൽ നിന്ന് വിദ്യാർത്ഥികളെത്താറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |