കട്ടപ്പന : നിരോധിത ലഹരി ഉത്പ്പനങ്ങളുടെ വിൽപ്പനയും അനധികൃത വഴിയോര കച്ചവടങ്ങളും തടയണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ നഗരസഭയ്ക്ക് നിവേദനം നൽകി. നിയമപരമായ വിവിധ ലൈസൻസുകൾക്ക് പുറമെ വാടക, കറന്റ് ചാർജ്, ശമ്പളം, ജിഎസ്ടി തുടങ്ങിയവയെല്ലാം മുടക്കുന്ന വ്യാപാരികൾ പ്രതിസന്ധിയിലാണ്. ഞായറാഴ്ചകളിൽ കട്ടപ്പന കുന്തളംപാറ റോഡിലും പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുൾപ്പെടെ തുണിത്തരങ്ങളും മറ്റ് സാധനങ്ങളും കച്ചവടം നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. കട്ടപ്പന നഗരത്തിൽ കഴിഞ്ഞ കുറെ നാളുകളായി ലഹരി ഉപയോഗവും അതിനെ തുടർന്നുള്ള അക്രമസംഭവങ്ങളും പതിവായിരിക്കുകയാണ്.
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശക്തമായ പരിശോധനകളിലൂടെ നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും പരിപൂർണമായി അവസാനിപ്പിക്കണമെന്നും ഏതെങ്കിലും കച്ചവടക്കാർ നിരോധിത വസ്തുക്കൾ വിൽക്കുന്നു എന്ന് മനസിലായാൽ അത്തരക്കാരെ സംഘടനയിൽനിന്ന് പുറത്താക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, ട്രഷറർ കെ പി ബഷീർ എന്നിവർ അറിയിച്ചു. വർക്കിങ് പ്രസിഡന്റ് സിജോമോൻ ജോസ്, വൈസ് പ്രസിഡന്റുമാരായ ടി എം ജോമോൻ, ബൈജു വെമ്പേനി, സെക്രട്ടറിമാരായ കെ ജെ തോമസ്, രമണൻ പടന്നയിൽ, അനിൽ മോഡേൺ, പിആർ.ഓ അനിൽ പുനർജനി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |