കോഴിക്കോട്: സൈനികജീവിതത്തിൽ നേടിയ അച്ചടക്കവും കൃത്യതയും അക്കൗണ്ടിംഗ് മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ് ഈ സൈനികർ. സൈന്യത്തിൽ നിന്ന് വിരമിക്കുന്നതിന് മുമ്പേ കോഴിക്കോട്ടെ 39 സൈനികരാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അക്കൗണ്ടിംഗ് പരിശീലനം പൂർത്തിയാക്കിയത്. സെക്യൂരിറ്റി, ഹോം ഗാർഡ് തുടങ്ങിയ ജോലികളിലേക്ക് മാത്രം വിരമിച്ച സൈനികരുടെ തൊഴിൽ സാദ്ധ്യതകൾ ചുരുങ്ങേണ്ടതില്ലെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സർട്ടിഫിക്കറ്റ് ഓഫ് അക്കൗണ്ടിംഗ് ടെക്നീഷ്യൻ (കാറ്റ്) കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ 39 സൈനികർക്ക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ റീ സെറ്റിൽമെന്റ് (ഡി.ജി.ആർ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എം.എ.ഐ) എന്നിവയുടെ മേൽനോട്ടത്തിലാണ് സൈനികരുടെ തൊഴിൽശാക്തീകരണത്തിനായുള്ള പരിശീലനം സംഘടിപ്പിച്ചത്. വിരമിക്കലിന് ശേഷം മികച്ച തൊഴിലും സ്ഥിരമായ വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിശീലനങ്ങൾ നൽകുന്നത്. കോഴിക്കോട് പ്രവർത്തിക്കുന്ന ഐ.സി.എം.എ.ഐ) കോഴിക്കോട്–മലപ്പുറം ചാപ്റ്ററിന്റെ കീഴിലുള്ള സ്ഥാപനത്തിലാണ് 39 പേരും കോഴ്‌സ് പൂർത്തിയാക്കിയത്. വ്യോമസേനയിൽ നിന്ന് മൂന്ന് പേരും നാവികസേനയിൽ നിന്ന് ഒമ്പത് പേരും കരസേനയിൽ നിന്ന് 27 പേരുമാണ് പരിശീലനം നേടിയത്. ഇവരെല്ലാം 2027 മാർച്ചിനകം സേനയിൽ നിന്ന് വിരമിക്കാനിരിക്കുന്നവരാണ്. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ കോഴിക്കോട് നമ്പർ 09 നേവൽ യൂണിറ്റ് എൻ.സി.സി കമാൻഡിംഗ് ഓഫീസർ വിഷ്ണു ഇ.ജി. മുഖ്യാതിഥിയായി. ഡി.ജി.ആർ ജോയന്റ് ഡയറക്ടർ കമാൻഡർ രാഹിൽ, ഐ.സി.എം.എ.ഐ കോഴിക്കോട്–മലപ്പുറം ചാപ്റ്റർ ചെയർമാൻ ആദർശ് കെ.പി., സെക്രട്ടറി വിജിത്ത് പി. എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |