കോട്ടയം: ഇരുപത് രൂപയ്ക്ക് ഊണ് വിളമ്പി സാധാരണക്കാരന്റെ മനസും വയറും നിറച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ പകുതിയിലേറെയും പൂട്ടി. ജില്ലയിൽ 85 ഇടങ്ങളിൽ 110 ഹോട്ടലുകളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 39ലേക്ക് ചുരുങ്ങി. വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടലുകൾ ആരംഭിച്ചത്. ഡ്രൈവർമാർ, തൊഴിലാളികൾ, ദിവസവേതനക്കാർ ഉൾപ്പെടെ നിരവധിപ്പേർക്ക് ഈ ഭക്ഷണശാലകൾ പ്രയോജനപ്പെട്ടിരുന്നതാണ്. 150 ന് മുകളിൽ ശരാശരി ഊണ് പോയിരുന്നു.
ആദ്യം 20 രൂപയ്ക്കാണ് ഊണ് തുടങ്ങിയത്. സാധനങ്ങളുടെ വിലക്കയറ്റവും മറ്റ് ചെലവുകളും ഉയർന്നതോടെ 35-40 രൂപയായി ഉയർത്തിയിട്ടുണ്ട്. തുടക്കത്തിൽ ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നു. കോട്ടയം നഗരസഭയിൽ മാത്രമാണ് ഇപ്പോൾ ഹോട്ടൽ പ്രവർത്തിക്കുന്നത്. മൂന്നിൽ കൂടുതൽ കുടുംബശ്രീ അംഗങ്ങൾ അടങ്ങുന്ന യൂണിറ്റുകൾക്കാണ് ചുമതല.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 3 വർഷം മുൻപ് സർക്കാർ സബ്സിഡി നിറുത്തലാക്കിയതും തദ്ദേശ സ്ഥാപനങ്ങളുടെ സഹായം മുടങ്ങിയതുമാണ് ഹോട്ടലുകൾ പൂട്ടാൻ കാരണമായി കുടുംബശ്രീ അധികൃതർ പറയുന്നത്. ഒരു ഊണിന് 10 രൂപയായിരുന്നു സബ്സിഡി. പാചകവാതകം അരി, പച്ചക്കറി എന്നിവയുടെ വില വിലവർദ്ധനവ്, കെട്ടിട വാടക, വൈദ്യുതിച്ചാർജ്, വാട്ടർ ചാർജ് എന്നിവ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു കൃത്യമായി കിട്ടാതായത് സ്ഥിതി കൂടുതൽ വഷളാക്കി. ഉപജീവന മാർഗമായതിനാൽ പല കുടുംബശ്രീ യൂണിറ്റുകളും പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും വിലക്കയറ്റവും പാചക വാതക ക്ഷാമവും സംരഭം മുന്നോട്ടു കൊണ്ടുപോകാൻ തടസമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |