
തൊടുപുഴ: 80 വയസുകാരിയായ തോപ്രാംകുടി സ്വദേശിനിയുടെ ഉദരത്തിൽനിന്ന് 16.8 കിലോ തൂക്കമുള്ള കൂറ്റൻ അണ്ഡാശയമുഴ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർമാർ വിജയകരമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. രേഷ്മ ആർ. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് അതീവ സങ്കീർണമായ ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ 8 മാസമായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നെങ്കിലും അവസാനത്തെ രണ്ടു മാസങ്ങളിലാണ് അവസ്ഥ അതിവേഗം വഷളായത്. പ്രമേഹവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കാരണം ഭാഗികമായി കിടപ്പിലായ രോഗിക്ക് വയറിൽ അസ്വസ്ഥതകൾ രൂക്ഷമായതോടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് അണ്ഡാശയത്തിൽ ഭീമൻ മുഴയുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ പ്രായക്കൂടുതലും ഉയർന്ന പ്രമേഹവും ട്യൂമറിന്റെ ഭീമമായ വലിപ്പവും ഉയർത്തിയ അപകടസാദ്ധ്യതകൾ കാരണം മറ്റു പല ആശുപത്രികളും ഈ കേസ് ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.
തുടർന്ന് രോഗിയുടെ ബന്ധുക്കൾ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിലെത്തി മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ഷെബിനെ കാണുകയും അദ്ദേഹം രോഗിയെ സർജിക്കൽ ഓങ്കോളജിസ്റ്റിന് റഫർ ചെയ്യുകയുമായിരുന്നു. സർജിക്കൽ ഓങ്കോളജി ടീമിലെ ഡോ.രേഷ്മ ആർ. ബാലചന്ദ്രനും ഡോ.അജേഷും ചേർന്നാണ് സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ജി.ഗോപകുമാർ, നഴ്സിംഗ് സ്റ്റാഫുകളായ ആശ, ഗൗരി എന്നിവരുടെയും പങ്കാളിത്തത്തോടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ.ശങ്കർകുമാർ, ഡോ.അന്നാദേവസിക്കുഞ്ഞു , കാർഡിയോളജിസ്റ്റ് ഡോ.പ്രവീൺ ചാക്കോ എന്നിവരുടെ പരിചരണത്തിൽ ഐ.സി.യുവിൽനിന്നും സുഖം പ്രാപിച്ച രോഗിയെ മുറിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |