SignIn
Kerala Kaumudi Online
Saturday, 12 September 2026 9.36 AM IST

തീരദേശ ഹൈവേക്കായി കാത്തിരിപ്പ് നീളുന്നു

1

പൂവാർ: പൊഴിയൂർ മുതൽ കാസർകോട് കുഞ്ചത്തൂർ വരെ നീളുന്ന തീരദേശഹൈവേ കടലാസിൽ ഒതുങ്ങുമൊയെന്ന ആശങ്കിയിൽ ജനം. 625 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പദ്ധതിയാണ് തീരദേശ ഹൈവേ. തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ആദ്യഘട്ടമായ കല്ലിടൽ പൂർത്തിയായിട്ട് വർഷങ്ങളായിട്ടും ജില്ലയിൽ ഭൂമിയേറ്റെടുക്കലിനുള്ള നടപടികൾ ഇപ്പോഴും അനിശ്ചിതമായി തുടരുന്നു. റോഡ് നിർമ്മാണത്തിനായി പ്രതീക്ഷിച്ചിരുന്ന ചെലവ് 6500 കോടി രൂപയായിരുന്നു. എന്നാൽ ഈ തുക പര്യാപ്തമല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. തീരദേശ മേഖലയുടെ വികസനത്തിനും ടൂറിസത്തിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ പാത ഏറെ നിർണായകമാണ്.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശൂർ,മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസർകോട് എന്നീ ഒൻപത് തീരദേശ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി കടന്നുപോകുന്നത്.

14 മുതൽ 15.6 മീറ്റർ വരെ വീതിയിൽ നിർമ്മിക്കുന്ന റോഡിന്റെ ഒരു വശത്ത് 7 മീറ്റർ വീതിയിൽ നടപ്പാതയും ബസ് വേയും മറുവശത്ത് 2.5 മീറ്റർ വീതിയിൽ സൈക്കിൾവേയുമാണ് ഉണ്ടാവുക. പുതിയ തീരദേശ ഹൈവേക്ക് ജില്ലയിൽ മാത്രമായി 78.54 കിലോമീറ്റർ ദൂരമുണ്ട്.

ആശങ്കയായി പരിസ്ഥിതി പ്രശ്നം

ജില്ലയിലെ പല സ്ഥലങ്ങളിലും റോഡിന്റെ നിർമ്മാണം തുടങ്ങുന്നതിന് പരിസ്ഥിതി പ്രശ്നം കീറാമുട്ടി ആകുമോയെന്ന ആശങ്കയുമുണ്ട്. പൂവാറിൽ നെയ്യാറിന് കുറുകെയോ,എ.വി.എം കനാലിന് മുകളിലൂടെയോ പാലം നിർമ്മിച്ച് മാത്രമേ റോഡിന് കടന്നുപോകാൻ കഴിയുകയുള്ളു. ബാക്ക് വാട്ടറിൽ പാലം വരുന്നതോടെ നിലവിലെ കണ്ടൽക്കാടുകളുടെ നാശവും പൂവാർ പൊഴിക്കരയുടെ പ്രകൃതിഭംഗിക്കും കോട്ടം സംഭവിക്കുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകരിലുണ്ട്.

പാലം വന്നാൽ

റോഡിനായി നിർമ്മിക്കുന്ന പുതിയ പാലം പൂവാറിലെ വലിയ പാലത്തിന് സമീപം നിർമ്മിക്കാനായാൽ നശിപ്പിക്കേണ്ടിവരുന്ന കണ്ടൽക്കാടുകളുടെ വിസ്തൃതിയിലും പൊഴിയൂരിൽ ഒഴിപ്പിക്കേണ്ടിവരുന്ന വീടുകളുടെ എണ്ണത്തിലും കുറവ് കണ്ടെത്താൻ കഴിയുമെന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത്.

പ്രതീക്ഷകളും ഏറെ

കോട്ടുകാൽ കരുംകുളം ഗ്രാമ പഞ്ചായത്തുകളെ വേർതിരിക്കുന്ന കരിച്ചൽ കായലിന് കുറുകെ അമ്പലത്തുമൂലയിൽ നിർമ്മിച്ചിട്ടുള്ള പാലം, തൂണിൽ നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. തീരദേശ ഹൈവേ യാഥാർത്ഥ്യം ആകുന്നതോടെ ഈ തൂണുകൾക്ക് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എന്നാൽ തീരദേശ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമായി തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL