SignIn
Kerala Kaumudi Online
Saturday, 12 September 2026 9.59 AM IST

ബാലരാമപുരം-നെയ്യാറ്റിൻകര റോഡിൽ ഓട പൊട്ടിയൊഴുകുന്നു

general

ബാലരാമപുരം: ദേശീയപാതയിൽ ബാലരാമപുരം-നെയ്യാറ്റിൻകര റോഡിൽ കൈത്തറിക്കടക്ക് സമീപം ഓട കവിഞ്ഞ് മലിനജലം റോഡിലൂടെ ഒഴുകുന്നതിനെതിരെ പരാതിയുമായി വ്യാപാരികൾ രംഗത്ത്. കഴിഞ്ഞ ഒരു വർഷമായി അസഹനീയമായ ദുർഗന്ധം വമിക്കുകയാണ് ഈ പ്രദേശത്ത്. പ്ലാസ്റ്റിക്ക് കവറുകളും വേസ്റ്റുകളും ഡ്രൈയിനേജ് മാലിന്യവും ഓടവഴി ഒഴുകുകയാണ്. ഹോട്ടൽ മാലിന്യമുൾപ്പെടെ ഓടയിലൂടെ പ്രവഹിക്കുന്നുണ്ട്.

മിക്കയിടങ്ങളിലും ഓടയിലെ സ്ലാബുകൾ പൂർണമായി തകർന്നനിലയിലാണ്. കൊടിനട-വഴിമുക്ക് ഹൈവേ വികസനത്തിന്റെ ഭാഗമായി സർക്കാർ സ്ഥലമേറ്റെടുത്തതോടെ ഓടനവീകരണവും അനുബന്ധജോലികളും ബാലരാമപുരത്ത് നിലച്ചമട്ടാണ്. മാലിന്യം കുന്നൂകൂടി ഓടനിറഞ്ഞതോടെ മലിനജലം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. വാഹനം കടന്നുപോകുമ്പോൾ മലിനജലം യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതായും പരാതിയുണ്ട്. ബാലരാമപുരം ഗ്രാമപഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുയർന്നിട്ടുണ്ട്.

ഓടകൾ നവീകരിക്കണം

ബാലരാമപുരം-കാട്ടാക്കട റോഡിൽ ഓടയിലെ മാലിന്യപ്രതിസന്ധി സംബന്ധിച്ച് കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് വാർഡ് മെമ്പറും പഞ്ചായത്തും മരാമത്ത് അധികൃതർക്ക് കത്ത് നൽകി ഓട നവീകരിച്ചിരുന്നു. സമാനരീതിയിൽ നെയ്യാറ്റിൻകര റോ‌ഡിലും മാലിന്യം നിറഞ്ഞൊഴുകുന്ന ഓടകൾ അടിയന്തരമായി നവീകരിച്ച് സ്ലാബുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

മാസങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര റോഡിലുള്ള ഓടയിലെ വെള്ളക്കെട്ടിനെതിരെ കച്ചവടക്കാർ ഫോട്ടോ അടക്കം മരാമത്ത് അധികൃതർക്ക് പരാതി സമർപ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL