
പാലോട്: കോടികൾ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച റോഡുകൾ വാട്ടർ അതോറിട്ടിയുടെ അനാസ്ഥതയിൽ തകർന്ന് തരിപ്പണമാകുന്നു. പൈപ്പുകൾ പൊട്ടുന്നതിനെ തുടർന്ന് റോഡുകൾ കുഴിക്കുകയും തുടർന്ന് കുഴിച്ച സ്ഥലങ്ങൾ അതേപടി ഇടുകയുമാണ് രീതി.
പ്ലാവറയിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിച്ചു മാറ്റിയിരുന്നു, എന്നാൽ അതിലൂടെയുണ്ടായ കുഴിയിൽ വീണ് നിരവധി പേർക്ക് പരിക്ക് പറ്റി ചികിത്സയിലാണ്.
നിരവധി പരാതികളെ തുടർന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് സ്ഥലം എം.എൽ.എ നൽകിയ നിർദ്ദേശത്തെ തുടർന്ന് പ്ലാവറ സി.എസ്.ഐ പള്ളിക്ക് സമീപമുണ്ടായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ആഴ്ചകൾക്ക് മുന്നേ നിർമ്മാണം പൂർത്തിയാക്കിയ കോൺക്രീറ്റ് പാതയാണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടി ജീവനക്കാർ വെട്ടിപ്പൊളിച്ചത്. നിലവിൽ പേരക്കുഴി ഗവ.യു.പി സ്കൂളിന് സമീപം പൈപ്പ് പൊട്ടിയ സ്ഥലം വെട്ടിപ്പൊളിച്ചുണ്ടായ കുഴി നാളിതുവരെയും അടച്ചിട്ടില്ല.
പൊട്ടിപ്പൊളിഞ്ഞ് റോഡുകൾ
കുറുപുഴ-പാലോട് റോഡിൽ ടാറിളകിമാറി ഗർത്തങ്ങൾ രൂപപ്പെട്ട അവസ്ഥയാണ്.ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. ജല അതോറിട്ടിയുടെ കുടിവെള്ള പദ്ധതികളുടെ ഭാഗമായി പൈപ്പിടൽ ജോലിക്കായി കുഴിച്ച റോഡുകളാണ് തകർന്ന് തരിപ്പണമായത്. റോഡ് വെട്ടിക്കുഴിക്കുന്നതിന് മുൻപ് പൈപ്പിടൽ കഴിഞ്ഞ് പൂർവ്വസ്ഥിതിയിലാക്കാമെന്ന് കരാറുകാരുടെ എഗ്രിമെന്റുണ്ടെങ്കിലും ഇതെല്ലാം അട്ടിമറിക്കുകയാണ് പതിവ്. ഇതൊന്നും കൂടാതെ ഇത്തരം കരാറുകാർക്ക് ബില്ല് മാറി കൊടുക്കുന്ന പതിവ് തുടരുന്നുണ്ട്.
ഓടയുടെ അഭാവവും
ചിലയിടങ്ങളിൽ ഓടയുടെ അഭാവവും തിരിച്ചടിയായി.ഇളവട്ടം ഹൈസ്കൂൾ ജംഗ്ഷൻ,പ്ലാവറ ജംഗ്ഷൻ,പേരക്കുഴി ഗവ.യു.പി സ്കൂളിന് സമീപം എന്നിവിടങ്ങളിലെ റോഡുകളിൽ അഗാധഗർത്തങ്ങളാണ്. റോഡിന്റെ ഗതിയറിയാതെ അപകടത്തിൽപ്പെടുന്നവരും നിരവധിയാണ്. ടിപ്പർ ലോറികളുടെ അനിയന്ത്രിതമായ യാത്രയും റോഡ് തകർച്ചക്ക് ഒരു കാരണമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |