
കുട്ടനാട്: യൂറോപ്യൻ യൂണിയന്റെ ഒന്നരക്കോടിയുടെ മേരിക്യൂറി ഫെലോഷിപ്പ് നേടി മുട്ടാർ ഇന്ദ്രനീലം വീട്ടിൽ എസ്. കീർത്തന (23) കുട്ടനാടിന്റെ അഭിമാനമായി. ഗവേഷണ പ്രതിഭകളെ വാർത്തെടുക്കുന്ന ഫ്രാൻസിലെ പ്രശസ്തമായ ക്ലോഡ് ബർണാഡ് ലിയോൺ യൂണിവേഴ്സിറ്റിയിൽ മൂന്നുവർഷത്തെ ഗവേഷണത്തിനാണ് ഫെലോഷിപ്പ്.
അദ്ധ്യാപക ദമ്പതികളായ സോമരാജിന്റെയും പ്രമീളകുമാരിയുടെയും മകളാണ് കീർത്തന. തിരുവനന്തപുരം ഐസറിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച്ച്) ആയിരുന്നു പഠനം. രസതന്ത്രം മുഖ്യവിഷയമായും ജീവശാസ്ത്രം ഉപവിഷയമായും ബി.എസ്, എം. എസ് ബിരുദങ്ങൾ കീർത്തന നേടിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ രാസ സാങ്കേതിക വിദ്യയിൽ യൂറോപ്യൻ യൂണിയന്റെ ഇലക്ട്രഫൈ ഇറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇലക്ട്രോകെമിക്കൽ ആൻഡ് ഇലക്ട്രോ ഫോട്ടോ കറ്റാലിസിസ് എന്ന വിഷയത്തിലാണ് കീർത്തനയുടെ ഗവേഷണം. നാടിന്റെ അഭിമാനമായ കീർത്തനയ്ക്ക് കുമാരനാശാൻ ചരമശതാബ്ദി സ്മാരക സമിതി കുട്ടനാട്, തലവടി ചർച്ച വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകിട്ട് വൻ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ്.
ഡോക്ടറാകാൻ കൊതിച്ചു, ഗവേഷകയായി
പ്ലസ് ടുവിന് ശേഷം എം.ബി.ബി.എസ് നേടി ഡോക്ടറാകണമെന്നതായിരുന്നു കീർത്തനയുടെ മോഹം. എന്നാൽ, കാലം കീർത്തനയെ കൈപിടിച്ചെത്തിച്ചത് ഗവേഷണ മേഖലയിലേക്കായിരുന്നു. നിയോഗം തിരിച്ചറിഞ്ഞ കീർത്തന, ഗവേഷണത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറുകയായിരുന്നു. ബിരുദ പഠനകാലത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ശാസ്ത്രപ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള കീർത്തന ഒടുവിൽ എത്തിച്ചേർന്നതോ, ഫ്രാൻസിലെ ലോകപ്രശസ്ത ഗവേഷണ സ്ഥാപനമായ ബർണാഡ് ലിയോൺ യൂണിവേഴ്സിറ്റിയിലും. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ. നന്ദന ഏക സഹോദരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |